സൗദി പ്രൊ ലീഗ് ( Saudi Pro League ) ക്ലബ്ബായ അൽ നസർ എഫ് സി ( Al Nassr F C ) ആരാധകർ കഴിഞ്ഞ ദിവസം ഗാലറിയിൽ നടത്തിയ ടിഫൊ കണ്ട് ഫുട്‌ബോൾ ലോകം അമ്പരന്നു. ഗാലറിയിൽ ഒരു താരത്തിന്റെ വിളിപ്പേര് എഴുതി കാണിച്ചായിരുന്നു അൽ നസർ എഫ് സി ആരാധകരുടെ ആരാധന. വെറുതേ കൈപ്പടയാൽ എഴുതിയ ബോർഡോ വമ്പൻ ബാനറോ അല്ലായിരുന്നു അൽ നസർ എഫ് സി ആരാധകർ തങ്ങളുടെ ഇഷ്ടം വെളിപ്പെടുത്താൻ ഉപയോഗിച്ചത് എന്നതാണ് ശ്രദ്ധേയം.
ആരാധകർ കൃത്യമായ രീതിയിൽ വ്യത്യസ്ത കളറിലുള്ള ജഴ്‌സി അണിഞ്ഞെത്തി താരത്തിന്റെ പേര് എഴുതുന്നതു പോലെ അണിനിരന്നായിരുന്നു ആ പ്രകടനം. ഫുട്‌ബോൾ ആരാധകരുടെ ഇത്തരം പ്രകടനം ടിഫൊ എന്നാണ് അറിയപ്പെടുന്നത്.
അൽ നസർ എഫ് സി ആരാധകർ മത്സരത്തിനിടെ ഒരുക്കിയ ഈ വമ്പൻ ടിഫൊ കണ്ട് അൽ നസർ എഫ് സി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ( Cristiano Ronaldo ) വരെ അദ്ഭുതപ്പെട്ടു എന്നതാണ് വാസ്തവം. സൗദി പ്രൊ ലീഗിൽ അബ്ബ എഫ് സിക്ക് എതിരായ ഹോം മത്സരത്തിന്റെ ഇടയിലായിരുന്നു അൽ നസർ എഫ് സി ആരാധകർ ഈ വമ്പൻ ടിഫൊ ഗാലറിയിൽ ഒരുക്കിയത്. ക്രൊയേഷ്യൻ ഡിഫെൻസീവ് മിഡ്ഫീൽഡറായ മാഴ്‌സെലൊ ബ്രൊസോവിച്ചിനായിട്ടാണ് ( Marcelo Brozovic ) അൽ നസർ എഫ് സി ആരാധകരുടെ ടിഫൊ.
ബ്രൊസോവിച്ചിന്റെ ‘ ബൂം ‘ എന്ന പേരാണ് ഗാലറിയിൽ അൽ നസർ എഫ് സി ആരാധകർ ഒരുക്കിയത്. കഴുത്തിൽ ഡൈനാമെറ്റിന്റെ പച്ച കുത്തിയിട്ടുള്ള മാഴ്‌സെലൊ ബ്രൊസോവിച്ച് പോലും അൽ നസർ എഫ് സി ആരാധകരുടെ ആ ടിഫൊ കണ്ട് ആദ്യം അദ്ഭുതപ്പെട്ടു. തുടർന്ന് കൈയ്യടിച്ച് ആരാധകരെ അഭിനന്ദിച്ചു. ഇത് കണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ഭുതപ്പെട്ടു, ചിരിച്ചു. എന്നാൽ, 2023 ജനുവരിയിൽ മുതൽ അൽ നസർ എഫ് സി താരമാണെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇത് അത്ര സുഖിച്ചില്ലെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2023 – 2024 സീസൺ സൗദി പ്രൊ ലീഗിൽ 10 ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടോപ് സ്‌കോറർ. 21 ന് ഡമാക് എഫ് സിക്കെതിരേയാണ് അൽ നസർ എഫ് സിയുടെ അടുത്ത മത്സരം. നിലവിൽ ഉജ്ജ്വല ഫോമിലാണ് അൽ നസർ. സൗദി ലീഗിൽ കഴിഞ്ഞ ഏഴ് മത്സരങ്ങളായി അവർ പരാജയം അറിഞ്ഞിട്ടില്ല. സീസണിലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും പരാജയപ്പെട്ടതിന് ശേഷമാണ് അവരുടെ അപരാജിത കുതിപ്പ്. അതേ സമയം നിലവിൽ രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയാണ് സൗദി പ്രൊ ലീഗ് ഉൾപ്പെടെയുള്ള ലീഗുകൾക്ക്.
ലീഗിൽ ഒൻപത് മത്സരങ്ങൾ പൂർത്തിയാക്കിയ അൽ നസർ എഫ് സി 19 പോയിന്റുമായി ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. നെയ്മറിന്റെ അൽ ഹിലാൽ എഫ് സി ( 23 പോയിന്റ് ), അൽ താവൂൺ എഫ് സി ( 22 പോയിന്റ് ) എന്നീ ക്ലബ്ബുകളാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനൊപ്പം 2024 യുവേഫ യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തയാറെടുപ്പിലാണ്. 14, 17 തീയതികളിലാണ് പോർച്ചുഗലിന്റെ മത്സരങ്ങൾ.