Gulf

സൗദിയില്‍ ‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മ്യൂസിയം’ വരുന്നു. 28ന് ഉദ്ഘാടനം

Published

on

റിയാദ്: സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) സംഘടിപ്പിക്കുന്ന നാലാമത് റിയാദ് സീസണ്‍-2023ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മ്യൂസിയം തയ്യാറാക്കുന്നു. പോര്‍ച്ചുഗലിന്റെ ഇതിഹാസ താരവും സൗദി അറേബ്യയിലെ അല്‍നസ്ര്‍ ക്ലബ് കളിക്കാരനുമായ ക്രിസ്റ്റ്യാനോയുടെ ഉജ്വലമായ ഫുട്‌ബോള്‍ ജീവിതയാത്രയെ ഉദ്‌ഘോഷിക്കുന്നതിനും ആദരമര്‍പ്പിക്കുന്നതിനുമാണിത്. താരം നേരിട്ടെത്തിയാവും മ്യൂസിയം ഉദ്ഘാടനം ചെയ്യുക.

ഒക്ടോബര്‍ 28ന് റിയാദ് സീസണ്‍ ആരംഭിക്കുന്ന ദിവസം തന്നെ മ്യൂസിയം തുറക്കാനാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്. റൊണാള്‍ഡോയുടെ അനുഭവങ്ങളും ജീവിതകഥകളും ട്രോഫികളും വ്യക്തിഗത സ്മരണികകളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവോടെ സൗദി ക്ലബ് ഫുട്‌ബോള്‍ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ലോകോത്തര താരങ്ങള്‍ സൗദി ക്ലബ്ബുകളിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു. 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച സൗദി അറേബ്യക്ക് ക്രിസ്റ്റോനോയെ പോലുള്ള താരങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണ്. സൗദി ഫുട്‌ബോളിന്റെയും സൗദി കായിക സംസ്‌കാരത്തിന്റെയും അനൗദ്യോഗിക അംബാസഡറായി ക്രിസ്റ്റിയാനോ മാറിക്കഴിഞ്ഞു. കഴിഞ്ഞ മാസം സൗദി ദേശീയദിനം പരമ്പരാഗത അറബ് വസ്ത്രം ധരിച്ചും അര്‍ദ നൃത്തം ചവിട്ടിയും ക്രിസ്റ്റ്യാനോ ആഘോഷമാക്കി മാറ്റിയിരുന്നു.

രണ്ട് ലക്ഷത്തിലധികം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വ്യാപാരങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കാനുമാണ് റിയാദ് മേള സംഘടിപ്പിക്കുന്നത്. 2,000ത്തോളം പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍ പങ്കെടുക്കും. ഇതിനായി ഏഴ് ദശലക്ഷം ചതുരശ്ര മീറ്ററിലാണ് നഗരി സജ്ജമാക്കുന്നത്.

ലോകപ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന മുപ്പതിലധികം അന്താരാഷ്ട്ര ഷോകളും സംഗീതകച്ചേരികളും അവതരിപ്പിക്കും. കൂടാതെ നാലാമത് ജോയ് അവാര്‍ഡുകളും വിതരണം ചെയ്യും. ടൈസണ്‍ ഫ്യൂറിയും ഫ്രാന്‍സിസ് നഗന്നൂവും തമ്മില്‍ ഒക്ടോബര്‍ 28 ന് നടക്കുന്ന റെസ്‌ലിങ് മല്‍സരമാണ് ഈ വര്‍ഷത്തെ റിയാദ് സീസണിലെ മറ്റൊരു പ്രത്യേകത. ‘ബാറ്റില്‍ ഓഫ് ദ ബാഡസ്റ്റ്’ എന്ന പേരിലാണ് മല്‍സരം സംഘടിപ്പിക്കുന്നത്.

ഡിസ്‌നി കാസില്‍ ആദ്യമായി മിഡില്‍ ഈസ്റ്റില്‍ അവതരിപ്പിക്കുന്ന വേദികൂടിയായി റിയാദ് സീസണ്‍ മാറും. 2019 ലാണ് റിയാദ് സീസണ്‍ ആരംഭിച്ചത്. ഇതുവരെ പത്ത് ദശലക്ഷത്തിലധികം പേര്‍ സന്ദര്‍ശിച്ചതോടെ പരിപാടി വന്‍ വിജയമായി മാറി. ഈ വര്‍ഷത്തെ റിയാദ് സീസണിന്റെ പ്രൊമോഷണല്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ നേരത്തേ പുറത്തിറക്കിയിരുന്നു. സന്ദര്‍ശകര്‍ക്ക് ഒരുക്കുന്ന സ്‌പോര്‍ട്‌സ്, സംഗീതം, ഗെയിമിങ്, ഫിലിം, എന്റര്‍ടൈന്‍മെന്റ് പരിപാടികളുടെ ലഘുവിവരണം വീഡിയോയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version