ഇറാഖി ക്ലബ്ബായ അൽ ഷോർട്ടയെ കീഴടക്കി അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ ഫൈനലിൽ പ്രവേശിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ക്യാപ്റ്റനായിട്ടുള്ള അൽ നസർ എഫ്സി (Al Nassr FC). ബുധനാഴ്ച രാത്രി നടന്ന സെമിഫൈനൽ പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അൽ നസറിന്റെ വിജയം. എഴുപത്തിയഞ്ചാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നസറിന്റെ വിജയ ഗോൾ നേടിയത്. സാദിയോ മാനെയെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു അൽ നസറിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്.
ഈ വിജയം ചരിത്രനേട്ടത്തിലേക്കാണ് അൽ നസറിനെയെത്തിച്ചത്. ചരിത്രത്തിലാദ്യമായാണ് അവർ അറബ് ചാമ്പ്യൻസ് കപ്പിന്റെ (Arab Club Champions Cup) ഫൈനൽ കളിക്കാൻ യോഗ്യത നേടുന്നത്. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 11.30 നാണ് കലാശപ്പോരാട്ടം.
അൽ ഷോർട്ടയ്ക്കെതിരായ ഗോളോടെ തുടർച്ചയായ നാല് മത്സരങ്ങളിൽ ഗോളുകൾ നേടാനും റൊണാൾഡോയ്ക്ക് സാധിച്ചു. ഇക്കുറി പ്രീ സീസൺ മത്സരങ്ങളിൽ മങ്ങിയ ഫോമിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ അറബ് ചാമ്പ്യൻസ് കപ്പെത്തിയതോടെ മിന്നും ഫോമിലേക്ക് ഉയരുകയായിരുന്നു. നിലവിൽ 4 ഗോളുകളുമായി അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിലെ ടോപ് സ്കോററുമാണ് അദ്ദേഹം
അതേ സമയം ഈ വർഷമാദ്യം അൽ നസറിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ക്ലബ്ബിനൊപ്പം ആദ്യ കിരീടം നേടാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ സൗദി പ്രോ ലീഗിൽ രണ്ടാം സ്ഥാനത്തായിരുന്നു അൽ നസർ എഫ്സി ഫിനിഷ് ചെയ്തത്. ലീഗിന്റെ പുതിയ സീസൺ ഈയാഴ്ച തുടങ്ങാനിരിക്കെ അറബ് ചാമ്പ്യൻസ് കപ്പിൽ കിരീടം നേടുന്നത് ക്ലബ്ബിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തും. നിലവിൽ ഉജ്ജ്വല സ്ക്വാഡാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നസർ എഫ്സിയുടെത്. റോണോയ്ക്ക് പുറമെ സാദിയോ മാനെ, അലക്സ് ടെല്ലസ് തുടങ്ങിയ താരങ്ങളുമെത്തിയതോടെ കടലാസിലും കളത്തിലും അവർ അതിശക്തരാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മിന്നും ഫോമാണ് ഇപ്പോൾ അൽ നസറിന്റെ ഏറ്റവും വലിയ കരുത്ത്. ശനിയാഴ്ച നടക്കാനിരിക്കുന്ന ഫൈനലിലും താരത്തെച്ചുറ്റിപ്പറ്റിയാവും ടീമിന്റെ തന്ത്രങ്ങൾ. അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ കഴിഞ്ഞ കളികളിൽ നേടിയ ഗോളുകൾ ലോകഫുട്ബോളിലെ ചില വമ്പൻ നേട്ടങ്ങളിലേക്കു. റോണോയെ എത്തിച്ചിരുന്നു. സീസണിലെ ആദ്യ കളിയിൽ നേടിയ ഹെഡർ ഗോൾ ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ ഹെഡർ ഗോളുകൾ നേടുന്ന താരമായാണ് റൊണാൾഡോയെ മാറ്റിയത്. ജെർമ്മൻ ഇതിഹാസ താരം ഗെർഡ് മുള്ളറിനെയാണ് ഈ റെക്കോഡിൽ ക്രിസ്റ്റ്യാനോ പിന്നിലാക്കിയത്.
ഈജിപ്റ്റ്യൻ ക്ലബ്ബായ സമാലക്കിനെതിരെ നേടിയ ഇടം കാലം ഗോളും റോണോയെ ഒരു കിടിലൻ നേട്ടത്തിലെത്തിച്ചു. തന്റെ വലം കാൽ ഉപയോഗിക്കാതെ ക്രിസ്റ്റ്യാനോ നേടുന്ന മുന്നൂറാമത്തെ ഗോളായിരുന്നു ഇത്. അതോടെ പ്രധാന കരുത്തായ കാൽ ഉപയോഗിക്കാതെ 300 ഗോളുകൾ അടിക്കുന്ന ആദ്യ ഫുട്ബോളറായും റൊണാൾഡോ മാറി.
2023 ജനുവരിയിൽ ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയിലെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിയിൽ നിന്നാണ് താരം സൗദി ക്ലബ്ബിലേക്ക് ചേക്കേറിയത്. ഇതുവരെ 23 മത്സരങ്ങളാണ് അൽ നസർ എഫ്സിക്കായി മുപ്പത്തിയെട്ടുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചത്. ഇതിൽ 17 ഗോളുകൾ നേടിയ താരം രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി.