Sports

ആ വമ്പന്‍ തീരുമാനം അല്‍ നസറിനെ അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ആരാധകര്‍ക്ക് ആവേശ വാര്‍ത്ത…

Published

on

സൗദി പ്രൊ ലീഗ് ( Saudi Pro League ) ഫുട്‌ബോളില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ( Cristiano Ronaldo ) മികച്ച ഫോമിലാണ്. 2023 – 2024 സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ് സി ( Al Nassr F C ) താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എട്ട് മത്സരങ്ങളില്‍ 10 ഗോളും അഞ്ച് അസിസ്റ്റും നടത്തി. സീസണിലെ ഗോള്‍ വേട്ടയിലും അസിസ്റ്റിലും 38കാരനായ താരം ഒന്നാം സ്ഥാനത്താണ്.

ഗോള്‍ വേട്ടയില്‍ ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അസിസ്റ്റില്‍ ഒന്നാം സ്ഥാനം പങ്കിടുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സീസണിലെ ആദ്യ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. ഒമ്പത് മത്സരങ്ങള്‍ സൗദി പ്രൊ ലീഗില്‍ പൂര്‍ത്തിയായപ്പോള്‍ 19 പോയിന്റുമായി അല്‍ നസര്‍ എഫ് സി മൂന്നാം സ്ഥാനത്താണ്. അല്‍ ഹിലാല്‍ എഫ് സി ( 23 പോയിന്റ് ), അല്‍ താവൂണ്‍ എഫ് സി ( 22 പോയിന്റ് ) എന്നീ ടീമുകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

2023 – 2024 സീസണില്‍ മികച്ച ഫോമില്‍ തുടരുന്നതിനിടെ അല്‍ നസര്‍ എഫ് സി ആരാധകര്‍ക്ക് ആവേശവാര്‍ത്തയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്യാമ്പില്‍ നിന്ന് പുറത്തു വന്നത്. അല്‍ നസര്‍ എഫ് സിയുമായുള്ള കരാര്‍ ദീര്‍ഘിപ്പിക്കാന്‍ തയാറാണെന്നാണ് താരം അറിയിച്ചത്. നിലവില്‍ 2025 ജൂണ്‍ 30 വരെ നീളുന്ന കരാറിലാണ് പോർച്ചുഗൽ സൂപ്പർതാരം അല്‍ നസര്‍ എഫ് സിയില്‍ എത്തിയത്.

2023 ജനുവരിയില്‍ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ എഫ്സിയിലേക്ക് ചേക്കേറിയത്. അഞ്ച് തവണ ലോക ഫുട്‌ബോളറിനുള്ള ബാലന്‍ ദി ഓര്‍ സ്വന്തമാക്കിയ താരം ഇനി 2026 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാനുള്ള ഒരുക്കത്തിലാണ്.

2026 ഫിഫ ലോകകപ്പിനു ശേഷം 2027 ല്‍ അല്‍ നസര്‍ എഫ് സിക്കു വേണ്ടി കളിച്ച് മൈതാനത്തോട് വിടപറയാനുള്ള നീക്കമാണ് താരം നടത്തുന്നതെന്നാണ് പിന്നണിയിലുള്ള സംസാരം. അല്‍ നസര്‍ എഫ് സിക്കു വേണ്ടി കളിച്ച് വിരമിക്കണമെന്ന ആഗ്രഹം അദ്ദേഹം കഴിഞ്ഞ മാസം വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു.

എന്നാല്‍, ഇക്കാര്യങ്ങള്‍ക്കൊന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തു വന്നിട്ടില്ല. 2024 യുവേഫ യൂറോ കപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിനായി പോര്‍ച്ചുഗല്‍ ദേശീയ ടീം ക്യാമ്പിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 21 മുതലാണ് സൗദി പ്രൊ ലീഗില്‍ ഇനി അല്‍ നസര്‍ എഫ്സിക്ക് മത്സരമുള്ളത്.

യൂറോ 2024 യോഗ്യതാ റൗണ്ടില്‍ 14ന് സ്ലോവാക്യയെയും 17ന് ബോസ്‌നിയ ആന്‍ഡ് ഹെന്‍സെഗോവിനയെയുമാണ് പോര്‍ച്ചുഗല്‍ നേരിടുക. ഗ്രൂപ്പ് ജെ യില്‍ കളിച്ച ആറ് മത്സരങ്ങളില്‍ ആറും ജയിച്ച് 18 പോയിന്റുമായി യോഗ്യതയുടെ വക്കിലാണ് പോര്‍ച്ചുഗല്‍ ടീം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version