Gulf

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദുബായില്‍ 105 കോടി രൂപയുടെ ആഡംബര വില്ല വാങ്ങിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്

Published

on

ദുബായ്: ലോകപ്രശസ്ത ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദുബായില്‍ ഒരു ആഡംബര വില്ല വാങ്ങിയതായി റിപ്പോര്‍ട്ട്. ‘ബില്യണയര്‍ ഐലന്‍ഡ്’ എന്നറിയപ്പെടുന്ന ജുമൈറ ബേ ദ്വീപില്‍ വില്ല വാങ്ങിയെന്ന് ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

വസ്തു ഇടപാട് സംബന്ധിച്ച വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 10 ദശലക്ഷം യൂറോ (1,05,81,22,000 രൂപ) മുടക്കിയതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, റൊണാള്‍ഡോയുടെ പ്രതിനിധി ഇക്കാര്യം നിഷേധിച്ചു. കിംവദന്തി മാത്രമാണിതെന്ന് സണ്‍ പത്രത്തിന്റെ പ്രതിനിധിയോട് അദ്ദേഹം പ്രതികരിച്ചു.

റൊണാള്‍ഡോയും അര്‍ജന്റീനിയന്‍ മോഡല്‍ ജോര്‍ജിന റോഡ്രിഗസും ഈയാഴ്ച ദുബായ് സന്ദര്‍ശിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന് ചുറ്റും നടക്കുകയും അവിടെയുള്ള ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുകയും ചെയ്തു.

2023 ജനുവരിയില്‍, സൗദി അറേബ്യയുടെ അല്‍ നസ്ര്‍ ഫുട്‌ബോള്‍ ടീമില്‍ ചേര്‍ന്ന ശേഷം റൊണാള്‍ഡോയും കുടുംബവും റിയാദില്‍ സ്ഥിരതാമസമാക്കിയിരുന്നു.

ശതകോടീശ്വരന്‍മാരുടെ ദ്വീപ് എന്നറിയപ്പെടുന്ന പ്രദേശമായ ജുമൈറ ബേയില്‍ റിയല്‍ എസ്റ്റേറ്റ് മൂല്യം യുഎഇയിലെ മറ്റുള്ള എല്ലാ സ്ഥലങ്ങളേക്കാള്‍ കൂടുതലാണ്. സൗദികള്‍, ഇസ്രായേലികള്‍, ഇന്ത്യക്കാര്‍, റഷ്യക്കാര്‍ എന്നിവരുള്‍പ്പെടെ സമ്പന്നരായ വ്യക്തികളുടെ ആവാസ കേന്ദ്രമാണിത്. മൊത്തം 6 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ജുമൈറ ബേ ദ്വീപ് ജുമൈറയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു മനുഷ്യ നിര്‍മിത അത്ഭുതമാണ്. ആഡംബരങ്ങള്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന കോടീശ്വരന്‍മാരായ വീട്ടുടമസ്ഥരുടെ ഇഷ്ട വാസസ്ഥലം.

മനോഹരമായ അറേബ്യന്‍ കടലിന്റെയും ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ള ദുബായിലെ അംബരചുംബികളുടെയും നേരിട്ടുള്ള മാസ്മരിക കാഴ്ച ലഭിക്കുന്ന ഇടംകൂടിയാണിത്. സവിശേഷമായ സ്ഥാനത്ത് സ്ഥിതിചെയ്യുന്നു എന്നതാണ് ജുമൈറ ബേ ഐലന്‍ഡിനെ ദ്വീപിനെ ആകര്‍ഷകമാക്കുന്നത്. ജുമൈറയില്‍ നിന്ന് അകലെയുള്ള ഒരു പ്രധാന കേന്ദ്രസ്ഥാനത്താണ് ഇവയുള്ളത്. കൃത്രിമ ദ്വീപില്‍ മികച്ച റെസ്റ്റോറന്റുകള്‍, ഒരു യാച്ച് ക്ലബ്, ഒരു ബീച്ച് റിസോര്‍ട്ട് എന്നിവയുണ്ട്.

പ്രശസ്ത ഡെവലപ്പറായ മെറാസ് വികസിപ്പിച്ചെടുത്ത പ്രദേശമാണിത്. മണലിന്റെയും പാറയുടെയും കമാനങ്ങള്‍ക്ക് മുകളിലൂടെ കുതിച്ചുയരുന്ന ഒരു കൂറ്റന്‍ കടല്‍ക്കുതിരയുടെ രൂപത്തിലാണ് രൂപകല്‍പ്പന. ജുമൈറ ബേയിലേക്ക് 300 മീറ്റര്‍ പാലത്തിലൂടെ മാത്രമേ പ്രവേശിക്കാന്‍ കഴിയൂ. താമസക്കാര്‍ക്കും അതിഥികള്‍ക്കും മാത്രമാണ് പ്രവേശനം. അതുകൊണ്ടു തന്നെ സുരക്ഷിതത്വം സമാനതകളില്ലാത്തതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version