Sports

ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് തിരിച്ചുവരുന്നു; 128 വര്‍ഷങ്ങള്‍ക്ക് ശേഷം

Published

on

ലൊസാനെ: 128 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്‌സ് മത്സരയിനമായി ക്രിക്കറ്റ് എത്തുന്നു. ഒളിമ്പിക്‌സ് ചരിത്രത്തില്‍ 1900ത്തിലെ പാരീസ് ഗെയിംസില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ക്രിക്കറ്റ് 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലാണ് മത്സരയിനമായി തിരിച്ചെത്തുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും തമ്മിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

ട്വന്റി 20 ഫോര്‍മാറ്റിലാണ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് പങ്കെടുക്കാം. ക്രിക്കറ്റിനെ കൂടാതെ സോഫ്റ്റ്‌ബോള്‍, ബേസ്‌ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍ എന്നീ കായികയിനങ്ങളും ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായിട്ടുണ്ട്. ഒക്ടോബര്‍ 15, 16 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി സമ്മേളനത്തില്‍ ഔപചാരികമായ പ്രഖ്യാപനമുണ്ടായേക്കും.

2024 പാരീസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെന്ന് നേരത്തേ നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്രിക്കറ്റിനെ ഒളിമ്പിക്‌സ് ഇനമാക്കുന്നതുമായി ബന്ധപ്പെട്ട് 2018ല്‍ സര്‍വേ നടത്തിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 87 ശതമാനം പേര്‍ തീരുമാനത്തെ പിന്തുണച്ചെങ്കിലും ബിസിസിഐ വിയോജിപ്പ് അറിയിക്കുകയായിരുന്നു. 2010ലും 2014ലും നടന്ന ഏഷ്യന്‍ ഗെയിംസില്‍ ടി20 ക്രിക്കറ്റ് മത്സരയിനമായെങ്കിലും ടീമിനെ അയക്കാന്‍ ബിസിസിഐ അനുവദിച്ചില്ല. 2018 ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് മത്സരയിനമായി ഉള്‍പ്പെടുത്തിയിരുന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version