Gulf

COP28 at Dubai: പാരീസ് ഉടമ്പടി പൂര്‍ണമായി നടപ്പാക്കണമെന്ന് ഇന്ത്യ

Published

on

ദുബായ്: പാരീസ് ഉടമ്പടി പൂര്‍ണതോതില്‍ നടപ്പാക്കണമെന്ന് ദുബായില്‍ നടന്നുവരുന്ന യുഎന്‍ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ കോപ്28ല്‍ ഇന്ത്യ ആവശ്യപ്പെട്ടു. സമത്വത്തിന്റെയും കാലാവസ്ഥാ നീതിയുടെയും തത്വങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് പരസ്പര സഹകരണത്തിലൂടെ ഉടമ്പടിയിലെ വ്യവസ്ഥകള്‍ കരാറിന്റെ അന്തസത്ത ചോരാതെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നടപ്പാക്കണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. കോപ്28 സമാപന പ്ലീനറി സെഷനില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ആണ് ഇന്ത്യയുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്.

കോപ്28 ഉച്ചകോടിയിലെ തീരുമാനങ്ങളും ആഗോള താപനം കുറയ്ക്കാനുള്ള കൂട്ടായ ശ്രമങ്ങളും ലോകത്തിന് നല്ല സൂചനകള്‍ നല്‍കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനുള്ള ചരിത്രപരമായ പരിസ്ഥിതി സംരക്ഷണ കരാറിന് രൂപംനല്‍കാന്‍ ഉച്ചകോടിക്ക് സാധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ വാക്കുകള്‍.

രണ്ടാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിച്ച ഈ രംഗത്തെ ആദ്യ ആഗോള കരാര്‍ ‘യുഎഇ കണ്‍സെന്‍സസ്’ എന്നാണ് അറിയപ്പെടുക. അനിയന്ത്രിതമായ കല്‍ക്കരി ഉപയോഗം ഉള്‍പ്പെടെ കുറച്ചുകൊണ്ടുവരുന്നതിന് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതാണ് കരാര്‍. എല്ലാവിധ ഫോസില്‍ ഇന്ധനങ്ങളെയും ഉള്‍പ്പെടുത്താതെ കല്‍ക്കരിയെ മാത്രം കേന്ദ്രീകരിച്ചുള്ള വ്യവസ്ഥകളെ ഇന്ത്യയും ചൈനയും ശക്തമായി എതിര്‍ത്തിരുന്നു.

‘ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനം’ എന്ന ചരിത്രപരമായ ആഗോള കരാര്‍ ബുധനാഴ്ച നടന്ന കോപ്28 ന്റെ അവസാന സെഷനില്‍ യാതൊരു എതിര്‍പ്പും കൂടാതെ അംഗരാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. കോപ്28 ഉച്ചകോടിയുടെ അധ്യക്ഷന്‍ സുല്‍ത്താന്‍ അല്‍-ജാബര്‍ ഉടമ്പടി പ്രഖ്യാപിച്ചപ്പോള്‍ കരഘോഷം മുഴങ്ങി. ‘പുതിയതും തടസ്സമില്ലാത്തതുമായ കല്‍ക്കരി വൈദ്യുതി ഉല്‍പാദനം അനുവദിക്കുന്നത് പരിമിതപ്പെടുത്തുന്നു’ എന്ന പരാമര്‍ശം കരാറില്‍ നിന്ന് നീക്കി. ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കല്‍ക്കരിയെ ഭീമമായി ആശ്രയിക്കുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പാണ് ഇത് സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version