ബെംഗളൂരു: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷം ഉറപ്പിച്ച് കോൺഗ്രസ്. 224 നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിൽ 119 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ജെഡിഎസിന്റെ ശക്തികേന്ദ്രമായ മൈസൂരു മേഖലയിൽ ഉൾപ്പെടെ കോൺഗ്രസിന്റെ തേരോട്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നയിച്ച നഗര മേഖലയിലും കോൺഗ്രസാണ് നിലവിൽ ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ 119 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 72 ഇടത്തും ജെഡിഎസ് 25 ഇടത്തും ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളിലാണ് മറ്റുള്ളവർ ലീഡ് ചെയ്യുന്നത്. ബിജെപി സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് നടത്തിയ പ്രചാരണം ജനങ്ങൾ ഏറ്റെടുത്തു എന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്.
നിലവിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷവും തുടങ്ങി. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്.
പ്രാദേശിക വികസന വിഷയങ്ങളിലൂന്നി നടത്തിയ പ്രചാരണം ഭൂരിപക്ഷത്തിലേക്ക് എത്തിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.