India

മുത്തൂറ്റ് ഫിനാന്‍സില്‍ നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ടതായി പരാതി; ‘കാലാവധി കഴിഞ്ഞിട്ടും പണം ലഭിച്ചില്ല’

Published

on

പത്തനംതിട്ട: മുത്തൂറ്റ് ഫിനാന്‍സിന്റെ വിവിധ ശാഖകളില്‍ പണം നിക്ഷേപിച്ചവര്‍ വഞ്ചിക്കപ്പെട്ടതായി പരാതി. സഹോദര സ്ഥാപനം എന്ന വ്യാജേന മറ്റൊരു സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിച്ച ശേഷം കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കുന്നില്ലെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

അറുപതോളം നിക്ഷേപകരാണ് പരാതിപ്പെട്ടിരിക്കുന്നത്. 2018 ലാണ് പരാതിക്കാര്‍ മുത്തൂറ്റിന്റെ വിവിധ ശാഖകളില്‍ തുക നിക്ഷേപിക്കുന്നത്. എട്ട് മുതല്‍ ഒമ്പത് ശതമാനം പലിശ നിരക്കില്‍ ഒരു ലക്ഷം മുതല്‍ നാല്‍പ്പത് ലക്ഷം വരെ മൂന്ന് വര്‍ഷത്തേക്ക് എന്‍സിഡി (Non Convertible Debentures) ആയാണ് ഇവര്‍ തുക നിക്ഷേപിച്ചത്.

തങ്ങളുടെ സഹോദര സ്ഥാപനം എന്ന് പരിചയപ്പെടുത്തി SREI Equipments Ltd എന്ന കമ്പനിയുടെ ചെക്കായിരുന്നു മുത്തൂറ്റ് നിക്ഷേപകർക്ക് നല്‍കിയത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും തുക ലഭിക്കാതെ വന്നതോടെ ഇവര്‍ മുത്തൂറ്റുമായി ബന്ധപ്പെടുകയായിരുന്നു.

കൊവിഡ് കാലമായതില്‍ ചില പ്രതിസന്ധി മുന്നിലുണ്ടെന്നും ആറ് മാസത്തെ സമയം തങ്ങള്‍ക്ക് നല്‍കണമെന്നുമായിരുന്നു മുത്തൂറ്റില്‍ നിന്നും മറുപടി ലഭിച്ചത്. ആറ് മാസത്തിന് ശേഷം നിക്ഷേപകര്‍ വീണ്ടും മുത്തൂറ്റിനെ സമീപിച്ചപ്പോള്‍ SREI Equipments Ltd എന്നത് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നും അവര്‍ വഴി മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂവെന്നും മുത്തൂറ്റ് അറിയിച്ചു. തുടര്‍ന്ന് നിക്ഷേപകര്‍ SREI Equipments Ltd നെ ബന്ധപ്പെട്ടെങ്കിലും വലിയ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ് മറുപടി ലഭിച്ചതെന്ന് നിക്ഷേപകര്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.

അതേസമയം നിക്ഷേപകര്‍ക്കും SREI Equipments Ltd നും ഇടയില്‍ ഒരു ബ്രോക്കര്‍ ആയിട്ടാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും മറ്റ് ഉത്തരവാദിത്തങ്ങള്‍ ഇല്ലെന്നുമാണ് മുത്തൂറ്റ് പ്രതികരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version