Gulf

ഹജ്ജിനിടെ പണപ്പിരിവ് നടത്തിയാല്‍ 7 വര്‍ഷം തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും

Published

on

ജിദ്ദ: സൗദി അറേബ്യയില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ അനധികൃതമായി ധനസമാഹരണം നടത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവോ 50 ലക്ഷം റിയാല്‍ വരെ പിഴയോ രണ്ടു ശിക്ഷകളും ഒരുമിച്ചോ ലഭിക്കുമെന്ന് മുന്നറിയിപ്പ്. അനുമതിയില്ലാതെ സംഭാവനകള്‍ പണമായോ സാധനങ്ങളായോ ശേഖരിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് ഹാജിമാര്‍ക്കായി പുറത്തിറക്കിയ മുന്നറിയിപ്പില്‍ സൗദി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഹജ്ജിനിടെ അധികൃതരുടെ അനുമതിയില്ലാതെ സംഭാവനകള്‍ ശേഖരിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തിയ മുന്നറിയിപ്പില്‍ പറയുന്നു. യാചന നടത്തുകയോ ശ്രദ്ധപിടിച്ചുപറ്റുന്നതിനായി കൃത്രിമമായ വഴികള്‍ കണ്ടെത്തുകയോ ചെയ്യരുത്.

സാമ്പത്തിക നേട്ടങ്ങള്‍ക്കായി വിശ്വാസികളെ വഞ്ചിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ഉള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. സാമ്പത്തിക തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ അവര്‍ക്കെതിരേ ചുമത്തും. നിയമവിരുദ്ധമായി ഫണ്ട് സമ്പാദിക്കാന്‍ ലക്ഷ്യമിട്ടുള്ള വഞ്ചന, നുണപറയല്‍ അല്ലെങ്കില്‍ തെറ്റായ ഇംപ്രഷനുകള്‍ സൃഷ്ടിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ളവ ഈ നിയമത്തിന്റെ പരിധിയില്‍ വരും.

അതേസമയം, സേവനങ്ങളില്‍ വീഴ്ച വന്നാല്‍ ഹജ്ജ് കമ്പനികള്‍ തീര്‍ഥാടകര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് സൗദി ഹജ് മന്ത്രാലയം അറിയിച്ചു. കരാറില്‍ പറഞ്ഞ പ്രകാരമുള്ള സേവനങ്ങള്‍ നല്‍കാന്‍ ഹജ്ജ് കമ്പനികള്‍ ബാധ്യസ്ഥമാണ്. വാഗ്ദാനം ചെയ്ത പ്രകാരമുള്ള സൗകര്യങ്ങളെല്ലാം നല്‍കണം.

മക്കയിലും ഹജ്ജ് നഗരികളിലും മിന, അറഫ തുടങ്ങിയ പ്രദേശങ്ങളിലുമൊക്കെ ഹാജിമാര്‍ക്ക് കമ്പനികള്‍ വാഗ്ദാനം ചെയ്ത രൂപത്തില്‍ താമസമൊരുക്കിക്കൊടുക്കാന്‍ രണ്ടു മണിക്കൂറിലധികം വൈകാന്‍ പാടില്ല. തീര്‍ത്ഥാടകര്‍ പരാതിപ്പെട്ടാല്‍ പാക്കേജ് തുകയുടെ 10% നഷ്ടപരിഹാരം നല്‍കേണ്ടി വരും. പാക്കേജില്‍ വാഗ്ദാനം ചെയ്തതിലും നിലവാരം കുറഞ്ഞ താമസമാണ് ഒരുക്കിയിരിക്കുന്നതെങ്കില്‍ 5% നഷ്ടപരിഹാരം പരാതിപ്പെടുന്ന തീര്‍ത്ഥാടകന് നല്‍കേണ്ടിവരും.

താമസ സ്ഥലങ്ങളില്‍ താമസ സൗകര്യം ഒരുക്കുന്നതില്‍ രണ്ടിടങ്ങളില്‍ വീഴ്ചയുണ്ടായാല്‍ രണ്ടാം തവണ പാക്കേജിന്റെ 15% വരെയാണ് നഷ്ടപരിഹാരം നല്‍കേണ്ടിവരിക. പരാതികളുള്ള ഹാജിമാര്‍ രണ്ടു മണിക്കൂറിനകം ഹജ്ജ് മന്ത്രാലയത്തെ ഓണ്‍ലൈനായി അറിയിച്ചിരിക്കണം. തമ്പുകളില്‍ താമസ സൗകര്യം കുറവാണെന്ന് അറിയിച്ചാല്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനുള്ള കോര്‍ഡിനേറ്റിങ് കൗണ്‍സിലുമായി ഏകോപനം നടത്തി ഹജ് മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഹാജിമാര്‍ക്ക് സൗകര്യം ഒരുക്കും.

മിനയിലെയും അറഫയിലെയും തമ്പുകളില്‍ നല്‍കേണ്ട മറ്റു സേവനങ്ങള്‍ നല്‍കുന്നത് രണ്ടു മണിക്കൂറിലധികം വൈകുന്ന സാഹചര്യത്തില്‍ പരാതിപ്പെടുന്ന ഹാജിമാര്‍ക്ക് മുന്നൂറു റിയാലില്‍ കുറയാത്തതും ആകെ പാക്കേജ് തുകയുടെ രണ്ടു ശതമാനം തുകവരെയും നഷ്ടപരിഹാരമായി നല്‍കും.

സേവനം നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ഹജ്ജ് കമ്പനികള്‍ വന്‍ തുക പിഴയൊടുക്കണമെന്ന നിയമം നേരത്തേയുണ്ടെങ്കിലും ഹാജിമാര്‍ക്ക് കമ്പനികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കുന്ന പദ്ധതി ഈ വര്‍ഷം മുതലാണ് നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version