ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിന്റെ ജേതാക്കള്‍ ആരാണെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കി. എന്നാൽ മഴ പെയ്യുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് കൊല്‍ക്കത്ത-ഹൈദരാബാദ് ഫൈനല്‍ മത്സരം ആരംഭിക്കുക. ചെന്നൈയിലെ കാലാവസ്ഥയാണ് ഇപ്പോള്‍ അല്‍പ്പം ആശങ്ക സൃഷ്ടിക്കുന്നത്.
ഇന്നലെ വൈകിട്ട് ശക്തമായ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്. മഴമൂലം കൊല്‍ക്കത്തയുടെ പരിശീലന സെഷന്‍ മുടങ്ങിയിരുന്നു. ഫൈനല്‍ നടക്കുന്ന സമയത്ത് മഴ പെയ്യാനുള്ള സാധ്യത കുറവാണെങ്കിലും രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷം ആശങ്ക കുറയ്ക്കുന്നില്ല. മഴ പെയ്തില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിലായിരിക്കും മത്സരം നടക്കുക. അതിനാല്‍ തന്നെ ടോസ് വളരെ നിര്‍ണായകമായിരിക്കും.
മത്സരത്തിനിടെ മഴ പെയ്യുകയാണെങ്കില്‍ മത്സരം പൂര്‍ത്തിയാക്കാനായി രണ്ട് മണിക്കൂര്‍ അധികസമയം അനുവദിക്കപ്പെടും. എന്നിട്ടും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മഴ ശക്തമായാല്‍ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെക്കും. തിങ്കളാഴ്ചയാണ് റിസര്‍വ് ദിനമായി തീരുമാനിച്ചിരിക്കുന്നത്. മത്സരം എവിടെ വെച്ചാണോ നിര്‍ത്തിവെച്ചത് അവിടെ നിന്നായിരിക്കും റിസര്‍വ് ദിനത്തില്‍ മത്സരം ആരംഭിക്കുക.
റിസര്‍വ് ദിനത്തിലും മഴ തടസ്സം സൃഷ്ടിച്ചാല്‍ പോയിന്റ് പട്ടികയിലെ ഒന്നാമനെ വിജയികളായി പ്രഖ്യാപിക്കും. അങ്ങനെയെങ്കില്‍ കമ്മിന്‍സിനും സംഘത്തിനും നിരാശയാവും ഫലം. ഗ്രൂപ്പ് ഘട്ടത്തിലെ 14 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് വിജയവും 20 പോയിന്റുമായി കൊല്‍ക്കത്തയാണ് ഒന്നാമത്. എട്ട് വിജയവും 17 പോയിന്റുമുള്ള ഹൈദരാബാദ് രണ്ടാമതാണ്.
മൂന്നാം കിരീടം ലക്ഷ്യമിട്ട് ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത ഇറങ്ങുമ്പോള്‍ രണ്ടാം കിരീടം കൊതിച്ചാണ് പാറ്റ് കമ്മിന്‍സും സംഘവും ഇറങ്ങുന്നത്. പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ മുഖാമുഖം എത്തുമ്പോള്‍ ഫലം പ്രവചനാതീതമാണ്. എങ്കിലും ലീഗ് ഘട്ടത്തിലും ഒന്നാം ക്വാളിഫയറിലും ഇരുടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്തയ്ക്കെതിരെ കമ്മിന്‍സിന് വിജയിക്കാനായിരുന്നില്ല.
പക്ഷേ ഒന്നാം ക്വാളിഫയറില്‍ തോറ്റുമടങ്ങിയ ഹൈദരാബാദിനെയല്ല പിന്നീട് രണ്ടാം ക്വാളിഫയറില്‍ കണ്ടത്. ആദ്യ ക്വാളിഫയറിലേത് പോലെ ബാറ്റിങ്ങില്‍ പരാജയപ്പെട്ടപ്പോഴും രാജസ്ഥാന്‍ റോയല്‍സിനെ തന്ത്രപരമായ നീക്കങ്ങള്‍ കൊണ്ട് തകര്‍ത്താണ് കമ്മിന്‍സും സംഘവും ഫൈനലിലേക്ക് എത്തുന്നത്. പിച്ചിന്റെ സാധ്യതകളെ ഉപയോഗിച്ച് മത്സരം വിജയിക്കുക എന്നത് ട്വന്റി 20 ക്രിക്കറ്റിനെ സംബന്ധിച്ച് അപൂര്‍വ്വമായ കാര്യമാണ്. എന്നാല്‍ പിച്ചിനെ അറിഞ്ഞ് ബൗളേഴ്‌സിനെ ഉപയോഗിക്കാന്‍ കമ്മിന്‍സിന് കഴിഞ്ഞപ്പോള്‍ രാജസ്ഥാനെതിരെ അട്ടിമറി സമാനമായ വിജയമാണ് ഹൈദരബാദിനെ തേടിയെത്തിയത്.