റിയാദ്: കേരളത്തില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ നിപ വൈറസ് ബാധയെക്കുറിച്ചും രാജ്യത്തേക്ക് രോഗം പടരാനുള്ള സാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഏത് ആരോഗ്യ അടിയന്തര സാഹചര്യങ്ങള്‍ വന്നാലും കൈകാര്യംചെയ്യാന്‍ കഴിയുന്നവിധം നേരത്തെ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
ആരോഗ്യ മേഖലയില്‍ നിരീക്ഷണം ശക്തമാക്കാനാണ് ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയത്. അന്താരാഷ്ട്ര യാത്രകളും പോക്കുവരവും മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍ കണക്കിലെടുത്താണ് അറിയിപ്പ്. ഇന്ത്യയിലെ കേരള സംസ്ഥാനത്ത് നിപ വൈറസ് ബാധ കണ്ടെത്തിയതിനെ കുറിച്ചും രാജ്യത്തേക്ക് രോഗം പടരാനുള്ള സാധ്യതയെക്കുറിച്ചും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദിയിലെ എല്ലാ ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ച അണുബാധ നിരീക്ഷണ ഗൈഡ് നല്‍കിയിട്ടുണ്ട്. നിപ വൈറസ് ബാധ നിരീക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇതിലുള്ളത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം സര്‍ക്കുലറില്‍ വിശദീകരിക്കുന്നുണ്ട്.
നിപ വൈറസ് ബാധ സംശയിക്കുന്ന എന്തെങ്കിലും കേസുകള്‍ കണ്ടെത്തിയാല്‍ ഹിസ്ന്‍ പ്രോഗ്രാം വഴി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. പരിശോധന നടത്തുന്നതിന് സാമ്പിള്‍ ശേഖരിച്ച് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലേക്ക് അടിയന്തരമായി അയക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.