ക്രൈസ്റ്റ് ദി റിഡീമർ പ്രതിമയിൽ മിന്നലടിച്ചതിന്റെ ചിത്രങ്ങൾ വൈറൽ. ഫെബ്രുവരി 10ന് പ്രതിമയുടെ തലയിൽ മിന്നലേറ്റതിന്റെ ദൃശ്യങ്ങൾ ആഗോള തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ലക്ഷ കണക്കിന് ആളുകളാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ചിത്രം ട്രെന്റായി മാറിയിരിക്കുകയാണ്.
ബ്രസീലിലെ റിയോ ഡി ജനീറോയിൽ സ്ഥിതിചെയ്യുന്ന പ്രതിമ പ്രതിവർഷം 20 ലക്ഷം പേരാണ് സന്ദർശിക്കുന്നത്. ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നാണ് യേശുവിന്റെ പ്രതിമയായ ക്രൈസ്റ്റ് ദി റിഡീമർ. മുപ്പത് മീറ്റർ ഉയരമുള്ള പ്രതിമ 2,300 അടി ഉയരമുള്ള കോർകോവാഡോ എന്ന മലമുകളിലാണ് സ്ഥിതിചെയ്യുന്നത്. ബ്രസീലിലെ ക്രിസ്തു മതത്തിന്റെ ചിഹ്നമായാണ് പ്രതിമ നിലകൊള്ളുന്നത്.
മാസിമോ എന്നു പേരുള്ള ട്വിറ്റർ ഹാൻഡിലാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. 21.3 മില്യൺ ആളുകളാണ് ചിത്രം കണ്ടിരിക്കുന്നത്. ഫെർണാണ്ടോ ബ്രാഗ എന്നയാൾക്കാണ് ചിത്രത്തിന്റെ ക്രെഡിറ്റ് നൽകിയിരിക്കുന്നത്.
ചിത്രത്തോട് രസകരമായ രീതിയിലാണ് ട്വിറ്റർ യൂസർമാർ പ്രതികരിച്ചിരിക്കുന്നത്. “ഇനി അദ്ദേഹം ഉയർത്തെഴുന്നേൽക്കുമെന്ന് തോന്നുന്നില്ല.” എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
ഒരോ വർഷവും നാല് മുതൽ ആറ് വരെ മിന്നലുകൾ പ്രതിമയ്ക്ക് ഏൽക്കാറുണ്ടെന്ന് മൈക്ക് ഡോറിസ് എന്നയാൾ പറയുന്നു. “ക്രൈസ്റ്റ് ദി റിഡീമർ പ്രതിമക്ക് ഓരോ വർഷവും നാല് മുതൽ ആറ് തവണ വരെ മിന്നലേൽക്കാറുണ്ട്. മിന്നലേറ്റ് പ്രതിമയ്ക്ക് നാശനഷ്ടം ഉണ്ടാകാതിരിക്കുന്നതിനായി മിന്നൽ രക്ഷാ ചാലകം സ്ഥാപിച്ചിട്ടുണ്ട്.” മൈക്ക് ഡോറിസ് പറയുന്നു.
ഈ സിറ്റിയിൽ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രതിമയിൽ മിന്നലേൽക്കുന്ന ദൃശ്യങ്ങൾ സാധാരണമാണെന്നാണ് പ്രദേശവാസിയായ മറ്റൊരാളുടെ കമന്റ്. പ്രതിമയുമായി ബന്ധപ്പെട്ട് നിരവധി തമാശ കമന്റുകളുണ്ടെങ്കിലും വിശ്വാസികൾ വേറിട്ട രീതിയിലാണ് വിഷയത്തോട് പ്രതികരിക്കുന്നത്. “നിങ്ങളുടെ ദൈവത്തെ ഹൃദയത്തിലാണ് സൂക്ഷിക്കേണ്ടത്.”എന്നാണ് ഒരു വിശ്വാസിയുടെ മകന്റ്.