തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്നാണ് പരിശോധിക്കുക.
മൈക്ക് തടസപ്പെട്ട സംഭവത്തിൽ പരിപാടിയിൽ ഉപയോഗിച്ച മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പരിശോധിക്കും. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ആണ് പരിശോധിക്കുക. കേരള പോലീസ് 118 E KPA ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടത് സാങ്കേതിക പ്രശ്നമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ, പൊതു സുരക്ഷയിൽ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട കേരള പോലീസിലെ ആക്ടാണ് 118 E KPA.
തിരുവനന്തപുരം അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പ്രസംഗിച്ചതിന് പിന്നാലെ സംസാരിക്കാൻ മുഖ്യമന്ത്രി എഴുന്നേറ്റതിന് പിന്നാലെ ഉമ്മൻ ചാണ്ടി അനുകൂല മുദ്രാവാക്യം വിളിയുയർന്നത് വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരോട് നിശബ്ദനാകാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സംഭവത്തിൽ കോൺഗ്രസിനെതിരെ സിപിഎം നേതാക്കൾ രംഗത്തുവന്നിരുന്നു.
കോൺഗ്രസിൻ്റെ ക്ഷണോപ്രകാരം എത്തിയ മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലായിരുന്നു കോൺഗ്രസിൻ്റെ സമീപനമെന്നായിരുന്നു സിപിഎം ആരോപണം. ഇതിനിടെയാണ് മൈക്ക് തടസപ്പെട്ട സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചത്.