കുവൈത്ത് സിറ്റി: കുവൈറ്റില്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടി ശക്തമായി തുടരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മതിയായ രേഖകളില്ലാത്ത 7,685 പ്രവാസികളെയാണ് നാടുകടത്തിയത്. തൊഴില്‍-താമസ-കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരാണ് ഇവരെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമലംഘകരെ പുറന്തള്ളി തൊഴില്‍ മേഖല നിയമാനുസൃതമാക്കാന്‍ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 3,837 പേരെയും ഓഗസ്റ്റ് മാസത്തില്‍ 3,848 പേരെയുമാണ് മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. സെപ്തംബറില്‍ നാടുകടത്തപ്പെട്ടവരില്‍ 2,272 പേര് പുരുഷന്മാരും 1,565 പേര് സ്ത്രീകളും ഉള്‍പ്പെടുന്നു. സ്പോണ്സര്മാരില് നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവരാണിവര്‍.
ഓഗസ്റ്റ് മാസത്തില്‍ നിയമങ്ങള്‍ ലംഘിച്ച 3,848 പ്രവാസികളെ നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞയാഴ്ചകളിലും നിരവധി പേര് പിടിയിലായിരുന്നു. ഇവരുടെ യാത്രാരേഖകള്‍ ലഭ്യമാവുന്ന മുറയ്ക്ക് നാടുകടത്തും. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭിക്കുന്നതിന് വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ഒന്നര ലക്ഷത്തിലേറെ പ്രവാസികള്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം കണക്കാക്കിയിട്ടുള്ളത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ സ്വദേശിവല്‍ക്കരണ നടപടികള്‍ ശക്തമാക്കുന്നതിനും നീക്കമാരംഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ ജോലിക്കാരായ 800ലധികം പ്രവാസികളെ പിരിച്ചുവിടാന്‍ കുവൈറ്റ് തീരുമാനിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ മിക്കവരും. ജോലി അവസാനിപ്പിക്കാന്‍ ഒരു മാസത്തെ സമയമാണ് ഇവര്‍ക്ക് നല്‍കിയത്. നേരത്തേ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും കൂട്ടത്തോടെ വിദേശികളെ പിരിച്ചുവിടുന്നു.
സര്‍ക്കാര്‍ മേഖലയില്‍ പരമാവധി സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് ഈ രണ്ട് മന്ത്രാലയങ്ങളിലെയും പ്രവാസി ജോലിക്കാരെ കുറച്ചത്. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാന്‍ ഭരണകൂടം ആഗ്രഹിക്കുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയായ 46 ലക്ഷത്തില്‍ 34 ലക്ഷം പ്രവാസികളാണെന്നാണ് കണക്ക്.
തൊഴില്‍-താമസ രേഖകളുടെ പരിശോധനയ്ക്കിടെ കുവൈറ്റിലെ ഒരു ക്ലിനിക്കില്‍ നിന്ന് 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 34 ഇന്ത്യക്കാരെ പിടികൂടി തടവിലിട്ടത് നേരത്തേ വാര്‍ത്തയായിരുന്നു. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷം ഇന്ത്യന്‍ എംബസിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രമഫലമായി ആഭ്യന്തര മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരുടെ മോചനം സാധ്യമായിരുന്നത്.