കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കുള്ള എല്ലാ ആരോഗ്യ സേവന ഫീസുകളിലും ഇളവുകളിലും മാറ്റങ്ങള്‍ വരുത്തി ആരോഗ്യ മന്ത്രാലയം. ഇവ സമഗ്രമായി അവലോകനം ചെയ്ത ശേഷമാണ് പുതുക്കിയ നയം രൂപീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സാധുവായ ഐഡി കാര്‍ഡുള്ള ഗോത്രവര്‍ഗക്കാര്‍ അഥവാ ബദവികള്‍, കുവൈറ്റ് പൗരന്‍മാര്‍ അല്ലാത്തവരെ വിവാഹം കഴിച്ച കുവൈറ്റ് സ്ത്രീകളുടെ മക്കള്‍, കുവൈറ്റ് സ്ത്രീകളുടെ കുവൈറ്റ് ഇതര ഭര്‍ത്താക്കന്മാര്‍, സിവില്‍ കാര്‍ഡോ പാസ്പോര്‍ട്ടോ കൈവശമുള്ള സഹകരണ കൗണ്‍സിലിലെ പൗരന്മാര്‍, സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍, സോഷ്യല്‍ കെയര്‍ ഹോമുകളിലെ താമസക്കാര്‍, കുവൈത്തില്‍ വച്ച് കാന്‍സര്‍ സ്ഥിരീകരിച്ച 18 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാരായ 12 വയസ്സിന് താഴെയുള്ള കുവൈറ്റികളല്ലാത്ത കുട്ടികള്‍, ജയില്‍ അന്തേവാസികള്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള അഭയകേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍, ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരെയാണ് പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ഫീസുകളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും സാധുവായ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവരുമായ അനധികൃത താമസക്കാര്‍ക്ക് 10 ദിനാര്‍ ഫീസ് ഈടാക്കുമെന്ന് പുതിയ നയം വ്യക്തമാക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരോഗ്യ ഇന്‍ഷുറന്‍സുള്ള കുവൈറ്റ് പൗരന്‍മാര്‍ അല്ലാത്തവരില്‍ നിന്ന് സേവന ഫീസായി രണ്ട് ദിനാറും ചികിത്സാ ഫീസായി അഞ്ച് ദിനാറും ഈടാക്കും.
വീട്ടുജോലിക്കാരില്‍ നിന്ന് എല്ലാ സേവനങ്ങള്‍ക്കും ചികിത്സകള്‍ക്കും ഉള്‍പ്പെടെ ഒരു ദിനാര്‍ ഫീസായി ഈടാക്കും. മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും അവരുടെ ജീവിതപങ്കാളികള്‍ക്കും കുട്ടികള്‍ക്കും സേവന ഫീസായി രണ്ട് ദിനാറും ചികിത്സാ ഫീസായി അഞ്ച് ദിനാറുമാണ് ഈടാക്കുക. എന്നാല്‍ റേഡിയോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ സേവനങ്ങളെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.