Gulf

പ്രവാസികള്‍ക്ക് ആധാര്‍ എടുക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം

Published

on

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം. സാധുതയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് മാത്രമാണ് ആധാര്‍ എടുക്കാന്‍ പ്രവാസികളില്‍ നിന്ന് സ്വീകരിക്കുന്ന ഒരേയൊരു തിരിച്ചറിയല്‍ രേഖയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

സാധുതയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള എല്ലാ വിദേശ ഇന്ത്യക്കാര്‍ക്കും ആധാര്‍ ലഭിക്കും. എന്നാല്‍ 2023 ഒക്ടോബര്‍ ഒന്നിന് ശേഷം ജനിച്ച വിദേശ ഇന്ത്യക്കാരും അല്ലാത്തവരും ജനന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്നു മാത്രം.

പുതുക്കിയ നിബന്ധനകള്‍ പ്രകാരം പ്രവാസികള്‍ക്ക് ആധാര്‍ എടുക്കാന്‍ ഇനി പ്രത്യേക ഫോറങ്ങളാണ് ഉപയോഗിക്കേണ്ടത്. വിവിധ പ്രായക്കാര്‍ക്ക് ഉപയോഗിക്കേണ്ട ഫോറങ്ങളിലും വ്യത്യാസമുണ്ട്. ആധാര്‍ എന്റോള്‍മെന്റിനും മറ്റ് സേവനങ്ങള്‍ക്കുമായി ഉപയോഗിക്കേണ്ട ഫോറങ്ങളുടെ വിവരങ്ങളും യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി പുറത്തിറക്കി.

ഏത് ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ നിന്നും ആധാര്‍ എടുക്കാം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആധാര്‍ ലഭിക്കാന്‍ കാലാവധി തീരാത്ത പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. പ്രവാസികള്‍ ആധാര്‍ എടുക്കുമ്പോള്‍ ഇ-മെയില്‍ വിലാസം നല്‍കണം. വിദേശ ഫോണ്‍ നമ്പറുകളിലേക്ക് ആധാര്‍ സേവനങ്ങളുടെ എസ്എംഎസുകള്‍ ലഭിക്കില്ല.

ഇന്ത്യയില്‍ വിലാസമുള്ളവരും 18 വയസിന് മുകളില്‍ പ്രായമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ആധാര്‍ എന്റോള്‍മെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത് ഒന്നാം നമ്പര്‍ ഫോറമാണ്. വിദേശത്തെ വിലാസം നല്‍കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ രണ്ടാം നമ്പര്‍ ഫോറം ഉപയോഗിക്കണം.

അഞ്ച് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ളവരും ഇന്ത്യയില്‍ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ഫോറം നമ്പര്‍ മൂന്ന് ആണ് ആധാര്‍ എന്റോള്‍മെന്റിനും തിരുത്തലുകള്‍ക്കും ഉപയോഗിക്കേണ്ടത്. ഇന്ത്യക്ക് പുറത്തുള്ള വിലാസം നല്‍കുന്ന, അഞ്ച് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള പ്രവാസികളായ കുട്ടികള്‍ക്ക് വേണ്ടി ഫോറം നമ്പര്‍ നാല് ഉപയോഗിക്കാം.

അഞ്ച് വയസിന് താഴെ പ്രായമുള്ളവരും ഇന്ത്യയില്‍ വിലാസമുള്ളവരുമായ സ്വദേശികളും വിദേശ ഇന്ത്യക്കാരും ഉപയോഗിക്കേണ്ടത് ഫോറം നമ്പര്‍ അഞ്ച് ആണ്. ഫോം നമ്പര്‍ ആറ് ആണ് ഇന്ത്യക്ക് പുറത്ത് വിലാസം നല്‍കുന്ന അഞ്ച് വയസില്‍ താഴെയുള്ള പ്രവാസികളായ കുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടത്.

18 വയസിന് മുകളില്‍ പ്രായമുള്ളവരും വിദേശ പാസ്പോര്‍ട്ടുള്ള ഇന്ത്യയില്‍ സ്ഥിരമായി താമസിക്കുന്നവരുമായ ആളുകള്‍ ഫോറം നമ്പര്‍ ഏഴ് ആണ് ആധാറിനായി ഉപയോഗിക്കേണ്ടത്. ഇവര്‍ വിദേശ പാസ്പോര്‍ട്ട്, ഒസിഐ കാര്‍ഡ്, സാധുതയുള്ള ദീര്‍ഘകാല വിസ, ഇന്ത്യന്‍ വിസ, ഇ-മെയില്‍ വിലാസം എന്നിവ നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version