Gulf

ചാണ്ടി ഉമ്മന്റെ വിജയം ആഘോഷമാക്കി പ്രവാസ ലോകം

Published

on

അബുദാബി: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന്റ ആവേശം പ്രവാസ ലോകത്തും. ചാണ്ടി ഉമ്മന്റെ വിജയം യുഎഇയിലെ യുഡിഎഫ് അനുകൂലികള്‍ ആഘോഷമാക്കി. വിവിധ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് യുഎഇയില്‍ ഉടനീളം സംഘടിപ്പിച്ചത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ അതിന്റെ പിരിമുറുക്കം ഓരോ മലയാളിയുടെ മുഖത്തും പ്രകടമായിരുന്നു.

ചാണ്ടി ഉമ്മന്‍ ലീഡ് നില ഉയര്‍ത്തി മുന്നേറിയപ്പോള്‍ ഇടത് ക്യാമ്പില്‍ നിരാശ പടര്‍ന്നു. കോണ്‍ഗ്രസ് ക്യാമ്പില്‍ ആവേശവും. രാവിലെ മുതല്‍ ടിവി സ്‌ക്രീനുകള്‍ക്ക് മുന്നിലായിരുന്നു വലിയൊരു വിഭാഗം മലയാളികളും. ഓഫീസിലെ തിരക്കുകള്‍ക്കിടയിലും പലരും ഫോണിലൂടെ തത്സമയ വിവരങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നു. ചാണ്ടി ഉമ്മന്‍ വിജയം ഉറപ്പിച്ചതോടെ കോണ്‍ഗ്രസ് അനുഭാവികളുടെ ആവേശം വാനോളമുയര്‍ന്നു.

മധുരം പങ്കുവച്ചും പരസ്പരം ആശംസകള്‍ നേര്‍ന്നും ചരിത്ര വിജയം അവര്‍ ആഘോഷമാക്കി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസ്,മുസ്ലിം ലീഗ് അനുകൂല സംഘടനയായ കെഎംസിസി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച വിജയമാണ് ചാണ്ടി ഉമ്മന്‍ നേടിയതെന്ന് സംഘടനാ നേതാക്കള്‍ പ്രതികരിച്ചു.

അതേസമയം, സഹതാപ തരംഗമാണ് പുതുപ്പള്ളിയില്‍ പ്രതിഫലിച്ചതെന്നാണ് ഇടത് അനുകൂല സംഘടനാ നേതാക്കളുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇതിനെ രാഷ്ടീയ വിജയമായി കാണാനാകില്ലെന്നും അവര്‍ പ്രതികരിച്ചു. എംഎല്‍എ ആയി ചുമതലയേറ്റ ശേഷം അധികം വൈകാതെ ചാണ്ടി ഉമ്മനെ യുഎഇയില്‍ എത്തിച്ച് സ്വീകരണം നല്‍കാനും വിവിധ സംഘടനകള്‍ ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version