Kerala

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

Published

on

കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണയായിരുന്നു. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കാലതാമസം വരുത്താതെ കോണ്‍ഗ്രസ് നേതൃത്വം ചാണ്ടി ഉമ്മനെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ചാണ്ടി ഉമ്മനെ മാത്രമാണ് കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥിയായി പരിഗണിച്ചത്. നിലവിൽ യൂത്ത് കോൺഗ്രസിൻ്റെ National Outreach Cell അധ്യക്ഷനാണ് ചാണ്ടി ഉമ്മൻ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലെ സ്ഥിരം അംഗവുമായിരുന്നു ചാണ്ടി ഉമ്മൻ.

കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർഗെ അടക്കമുള്ള മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച് എഐസിസി അംഗീകാരത്തോടെ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നാളെ മുതൽ ചാണ്ടി ഉമ്മൻ മത്സരരംഗത്തുണ്ടാകുമെന്ന് എഐസിസി ആസ്ഥാനത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് കെപിസിസി പ്രസിഡൻ്റ് പ്രഖ്യാപിച്ചു. പുതുപ്പള്ളിയിലേക്ക് ഒരു വൻടീമിനെ നാളെത്തന്നെ നിയോഗിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

ചാണ്ടി ഉമ്മനെക്കാൾ മികച്ചൊരു സ്ഥാനാർത്ഥി പുതുപ്പള്ളിയിലില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ചരിത്ര സംഭവമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

കുടുംബത്തിൽ നിന്ന് ചാണ്ടി ഉമ്മനായിരിക്കും സ്ഥാനാർത്ഥിയാവുകയെന്ന് മറിയം ഉമ്മൻ നേരത്തെ പറഞ്ഞിരുന്നു. വലിയൊരു ഉത്തരവാദിത്വമാണ് പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പിതാവിനോളം ഉയർന്ന് പ്രവർത്തിക്കുക വലിയ വെല്ലുവിളിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version