അബുദാബി: ഇന്നു മുതല്‍ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഇടിമിന്നലും കനത്ത മഴയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് എന്‍സിഎം അറിയിപ്പ്.
ദുബായിലും അബുദാബിയിലും കനത്ത മഴയ്ക്കും മിന്നലിനും സാധ്യതയുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളിലും അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു.
പര്‍വതങ്ങളില്‍ 9 ഡിഗ്രി സെല്‍ഷ്യസും കടല്‍തീര പ്രദേശങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസും വരെ താപനില കുറയും. എമിറേറ്റ്‌സില്‍ ഉടനീളം താപനില കുറയുമെന്നാണ് അറിയിപ്പ്. പൊടിക്കാറ്റ് വീശുകയും റോഡുകളില്‍ ദൃശ്യപരത കുറയുകയും ചെയ്യും. കാറ്റിന്റെയും വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ പ്രതീക്ഷിക്കാം. അറബി കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കും.
ബുധനാഴ്ച അല്‍ ഐനില്‍ മഴയും ശക്തമായ കാറ്റും ഉണ്ടാവുമെന്ന് എന്‍സിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വാരാന്ത്യത്തില്‍ അബുദാബി, ദുബായ്, ഫുജൈറ എന്നിവിടങ്ങളില്‍ കൂടുതല്‍ തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്ന് അധികൃതര്‍ അറിയിച്ചു.
തണുത്ത പടിഞ്ഞാറന്‍ കാറ്റിനൊപ്പം തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിച്ചുകിടക്കുന്ന ഉപരിതല ന്യൂനമര്‍ദ്ദം യുഎഇയെ ബാധിക്കുന്നതാണ് പ്രതികൂല കാലാവസ്ഥയ്ക്ക് കാരണമെന്ന് കാലാവസ്ഥാ ബ്യൂറോ വിശദീകരിച്ചു.
ഇന്ന് വൈകുന്നേരം 8 മണി മുതല്‍ അബുദാബിയില്‍ കനത്ത മഴ ആരംഭിക്കുമെന്ന് ആഗോള കാലാവസ്ഥാ വെബ്സൈറ്റ് വിന്‍ഡി പ്രവചിക്കുന്നു. തുടര്‍ന്ന് ഒറ്റരാത്രികൊണ്ട് ദുബായ്, ഫുജൈറ, റാസല്‍ ഖൈമ, അജ്മാന്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം മഴയെത്തും.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുഴുവന്‍ മഴയുണ്ടാകും. രാത്രി 9 മണിയോടെ ആകാശം തെളിഞ്ഞുവരും. ബുധനാഴ്ച ആകാശം സാമാന്യം മേഘാവൃതമായിരിക്കും. അബുദാബിയിലും ദുബായിലും യഥാക്രമം 27 ഡിഗ്രി സെല്‍ഷ്യസും 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില യഥാക്രമം 13 ഡിഗ്രി സെല്‍ഷ്യസും 12 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.