Sports

എട്ടിന്റെ പകിട്ടിൽ മിശിഹാ; എട്ടാമതും ബലോൻ ദ് ഓർ സ്വന്തമാക്കി ലയണൽ മെസ്സി

Published

on

ഈ വർഷത്തെ ഫിഫ ബലോൻ ദ് ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി സ്വന്തമാക്കി. എട്ടാമതും മിശിഹ സ്വർണപ്പന്തിൽ മുത്തമിടുമ്പോൾ അത് ചരിത്രമാവുകയാണ്. ബലോൻ ദ് ഓറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയ താരമെന്ന സ്വന്തം റെക്കോർഡ് തന്നെയാണ് മെസ്സി പുതുക്കിയത്. പുരസ്കാര നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരവും മെസ്സിയാണ്.

അർജന്റീനയെ ലോക ചാമ്പ്യനാക്കിയതും രണ്ടാം തവണയും പിഎസ്ജിയെ ലീ​ഗ് 1 ജേതാക്കളാക്കിയതുമാണ് മെസ്സിയെ പുരസ്കാര വേദിയിലെത്തിച്ചത്. ചാമ്പ്യന്‍സ് ലീഗിലും ലീഗ് 1ലുമായി 39 മത്സരങ്ങളിൽ നിന്ന് മെസ്സി 40 ​ഗോളുകൾ നേടിയിരുന്നു. ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ മെസ്സി തന്റെ ഫുട്ബോൾ കരിയറിൽ 1000 മത്സരങ്ങളെന്ന നാഴികകല്ല് പിന്നിട്ടു. നിലവിലെ ചാമ്പ്യനായിരുന്ന ഫ്രാന്‍സിനെ തോല്‍പ്പിച്ച് അർജന്റീനയ്ക്ക് ലോക കിരീടം നേടികൊടുക്കാനും മെസ്സിക്ക് കഴിഞ്ഞു. 36 വർഷങ്ങൾക്ക് ശേഷമാണ് മെസ്സി ലോകചാമ്പ്യനാകുന്നത്.

തന്റെയും അർജന്റീനൻ ടീമിന്റെയും നേട്ടം ഡിയാ​ഗോ മറഡോണയ്ക്ക് സമർപ്പിക്കുന്നതായി മെസ്സി പറഞ്ഞു. ഒക്ടോബർ 30 മറഡോണയുടെ 63-ാം ജന്മവാർഷിക ദിനമാണെന്നും മെസ്സി ഓർമിപ്പിച്ചു.

ലോകകപ്പ് നേടിയ സ്പെയിൻ ടീം അം​ഗവും സ്പാനിഷ് ലീ​ഗ് നേടിയ ബാഴ്സലോണ താരവുമായ ഐറ്റാന ബോണ്‍മറ്റിയാണ് മികച്ച വനിതാ താരം. മികച്ച സ്ട്രൈക്കർക്കുള്ള ഗർഡ് മുള്ളർ ട്രോഫി എർലിം​ഗ് ഹാളണ്ട് സ്വന്തമാക്കി. മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി അർൻ്റീന കീപ്പർ എമിലിയാനോ മാർട്ടിനസിനാണ്. 21 വയസ്സിനു താഴെയുള്ള മികച്ച താരത്തിന് ലഭിക്കുന്ന കോപ്പ ട്രോഫി ഇംഗ്ലണ്ടിന്റെയും റയൽ മാഡ്രിഡിന്റെയും താരമായ ജൂഡ് ബെല്ലിങ്ങാം സ്വന്തമാക്കി. ബ്രസീൽ, റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ സോക്രട്ടീസ് പുരസ്കാരം നേടിയപ്പോൾ 2023 ലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയും വനിതാ ടീമിനുള്ള പുരസ്കാരം ബാഴ്സലോണയും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version