Kerala

ബ്രഹ്‌മപുരം തീ പിടിത്തം സി.ബി.ഐ അന്വേഷിക്കണം ; പ്രതിപക്ഷം നിയമസഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ചു

Published

on

ബ്രഹ്‌മപുരത്തെ മാലിന്യ മലയ്ക്ക് തീ പിടിച്ച് 12 ദിവസമായി കത്തിക്കൊണ്ടിരിക്കുന്ന വിഷയമാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയമായി കൊണ്ടുവന്നത്. അല്ലാതെ നിക്കരാഗോയിലെയും ഇക്വഡോറിലെയും സൗത്ത് ആഫ്രിക്കയിലെയും നമീബിയയിലെയും കാര്യമില്ല. തീ അണഞ്ഞെന്നാണ് മന്ത്രി പറഞ്ഞതെങ്കിലും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അയല്‍ജില്ലകളിലും ഡയോക്‌സിന്‍ കലര്‍ന്ന വിഷപ്പുക പടരുകയാണ്. ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക്കാണ് കത്തുന്നത്. ശരീരത്തിലെ മുഴുവന്‍ അവയങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് ഈ പുക ഇടയാക്കുമെന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ്. വിയറ്റ്‌നാം യുദ്ധകാലത്ത് കാട്ടിലൊളിച്ച പട്ടാളക്കാരെയും ജനങ്ങളെയും കണ്ടെത്താന്‍ ഇല കൊഴിക്കുന്നതിന് വേണ്ടി അമേരിക്ക പ്രയോഗിച്ച ഏജന്റ് ഓറഞ്ച് എന്ന രാസപദാര്‍ത്ഥത്തില്‍ അടങ്ങിയിരിക്കുന്നതും ഡയോക്‌സിനാണ്. മൂന്ന് തലമുറ കഴിഞ്ഞിട്ടും അതിന്റെ ദുരന്തഫലങ്ങള്‍ വിയറ്റ്‌നാമിലെ ജനങ്ങള്‍ അനുഭവിക്കുകയാണ്.

വിഷപ്പുക നിറഞ്ഞ് പത്താം ദിവസമാണ് മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി ആഹ്വാനം ചെയ്തത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലും കൊച്ചിയില്‍ ഒരു ആരോഗ്യ പ്രശ്‌നവും ഇല്ലെന്നാണ് മൂന്നാം ദിനത്തില്‍ മന്ത്രി പറഞ്ഞത്. എവിടെ നിന്ന് കിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്? വിഷയം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് പ്രശ്‌നം വഷളാക്കിയത്. ആദ്യ ദിവസത്തെ അതേ ആക്ഷന്‍ പ്ലാനാണ് ഇപ്പോഴും തുടരുന്നത്. എന്നിട്ടാണ് ന്യുയോര്‍ക്കിലെ ഫയര്‍ ഫോഴ്‌സ് ഡെപ്യൂട്ടി ചീഫ്, ഇതാണ് ബസ്റ്റ് പ്ലാനെന്ന് ഓണ്‍ലൈന്‍ മീറ്റിംഗില്‍ പറഞ്ഞെന്ന് തദ്ദേശ മന്ത്രി പറയുന്നത്. ഇനി അവിടെ കത്തിത്തീരാന്‍ ഒന്നുമില്ല. എല്ലാ കത്തി തീര്‍ന്നാലെ കരാറുകാരനെ സഹായിക്കാന്‍ പറ്റൂ.

വായുവും വെള്ളവും മലനപ്പെടുന്ന അവസ്ഥയാണ് ബ്രഹ്‌മപുരത്ത് നിലനില്‍ക്കുന്നത്. തീ അണയ്ക്കാന്‍ തളിച്ച വെള്ളം മുഴുവന്‍ കടമ്പ്രയാറിലേക്കാണ് ഒഴുകിയെത്തുന്നത്. പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ കീഴിലാണ്. ഇന്നുവരെ ഉണ്ടാകാത്ത തരത്തില്‍ വായുവും വെള്ളവും മലിനപ്പെട്ടിട്ടും വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്ത് നടപടിയാണ് എടുത്തത്? 12 ദിവസമായിട്ടും വിഷ വാതകം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ ഏതെങ്കിലും ഒരു ഏജന്‍സിയെ സര്‍ക്കാരോ ആരോഗ്യ വകുപ്പോ ചുമതലപ്പെടുത്തിയോ? ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമെന്ന് പറയുന്നത് ആരെയും ഭയപ്പെടുത്താനല്ല. ഗുരുതര പ്രശ്‌നത്തെയാണ് സര്‍ക്കാര്‍ നിസാരമായി കൈകാര്യം ചെയ്തത്.

എറണാകുളത്ത് രണ്ട് ഓക്‌സിജന്‍ പാര്‍ലര്‍ തുടങ്ങിയാല്‍ സര്‍ക്കാരിന്റെ ജോലി തീരില്ല. ആറോ ഏഴോ മെഡിക്കല്‍ ക്യാമ്പുകള്‍ മാത്രമാണ് നടത്തിയത്. കോവിഡ് സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് മറ്റൊരു ദുരന്തം കൂടി കെട്ടിയിറക്കുന്നത്. നാവിക സേന 750 കുപ്പി വെള്ളമാണ് ഒരു സമയത്ത് വിതറിയത്. തീയണയ്ക്കാന്‍ മറ്റ് എന്തെങ്കിലും സാധ്യതകളെ കുറിച്ച് പരിശോധിച്ചോ? എന്ത് ക്രൈസിസ് മാനേജ്‌മെന്റാണ് ഉണ്ടായിരുന്നത്? മാലിന്യം കത്തിക്കോട്ടെയെന്ന നിലപാടിലായിരുന്ന സര്‍ക്കാര്‍. മുഴുവന്‍ കത്തി തീര്‍ന്നാലേ കരാറുകാരനെ സഹായിക്കാന്‍ കഴിയൂ. ഉത്തരവാദിത്തം ഏറ്റെടുക്കാതെ എല്ലാവരും കൈ കഴുകി മാറി നിന്നതോടെ എറണാകുളത്തെ ജനങ്ങള്‍ക്ക് അനാഥത്വം അനുഭവപ്പെട്ടു.

മാലിന്യമല രൂപപ്പെടുത്തിയത് യു.ഡി.എഫ് കാലത്താണെന്നാണ് തദ്ദേശ മന്ത്രി പറഞ്ഞത്. 2013-ല്‍ ഏറ്റവും നല്ല മാലിന്യ പ്ലാന്റിനുള്ള അവാര്‍ഡ് ബ്രഹ്‌മപുരത്തിന് ലഭിച്ചിട്ടുണ്ട്. ലെഗസി വേസ്റ്റ് നീക്കം ചെയ്യാനുള്ള നടപടിയുമായി കോര്‍പറേഷന്‍ മുന്നോട്ട് പോയി. എന്നാല്‍ ലെഗസി വേസ്റ്റ് നീക്കം ചെയ്യാനുള്ള ജോലി ദുരന്തനിവാരണ നിയമ പ്രകാരം തദ്ദേശ സ്ഥാപനത്തില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തു കൊണ്ട് 2020ല്‍ ഉത്തരവിറക്കി. തദ്ദേശ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മാത്രം ബ്രഹ്‌മപുരത്തെ ലെഗസി വേസ്റ്റ് നീക്കം ചെയ്താല്‍ മതിയെന്നും അതുമായി ബന്ധപ്പെട്ടുള്ള കൊച്ചി കോര്‍പറേഷന്റെ എല്ലാ ടെന്‍ഡര്‍ നടപടികളും റദ്ദാക്കുകയും ചെയ്തു. എന്നിട്ട് മൂന്നു കൊല്ലമായിട്ടും ഒരു നടപടിയും ഉണ്ടായില്ല.

പത്തുകോടി രൂപയുടെ പ്രവൃത്തിപോലും ചെയ്യാത്ത കമ്പനിക്കാണ് ബയോ മൈനിങ് കരാര്‍ നല്‍കിയത്. 22 കോടി നല്‍കിയിട്ടും മാലിന്യം നീക്കിയിട്ടില്ല. പരിശോധന നടത്തുമ്പോള്‍ മാലിന്യം നീക്കിയിട്ടില്ലെന്ന് വ്യക്തമാകുമെന്ന് വന്നതോടെയാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. കൊള്ളക്കാരായ ആ കമ്പനിയെയാണ് മന്ത്രി ന്യായീകരിച്ചത്. അഴിമതിക്ക് സര്‍ക്കാര്‍ കുടപിടിക്കുകയാണ്. കമ്പനിക്ക് വേണ്ടി കമ്പനി പ്രതിനിധി സംസാരിക്കുന്നതു പോലെയാണ് മന്ത്രി സംസാരിച്ചത്. 12 ദിവസമായിട്ടും തീപിടിത്തത്തെ കുറിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയോ? വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തദ്ദേശ വകുപ്പ് മന്ത്രി നിയമസഭയില്‍ വന്ന് തീയിട്ട കരാറുകാരെ ന്യായീകരിക്കുന്നത്.

പ്ലാന്റിലെ തീപിടിത്തത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണം. കരാറുകാരെ സംരക്ഷിക്കാനാണ് അന്വേഷണം നടത്താത്തത്. സര്‍ക്കാരിന്റെ ഉത്തരവാദിത്തം നിറവേറ്റാതെ ജനങ്ങളെ വിഷപ്പുക ശ്വസിപ്പാക്കാന്‍ കൂട്ട് നിന്ന ആരോഗ്യവകുപ്പിന്റെയും തദ്ദേശവകുപ്പിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ നടപടികള്‍ ബഹിഷ്‌ക്കരിക്കുന്നു.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version