ലക്‌നോ: വാടക കൊലയാളികളെ ഉപയോഗിച്ച് ഭാര്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രവാസിക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ നിന്നുള്ള പ്രതി സൗദി അറേബ്യയിലാണ് ജോലിചെയ്യുന്നത്. ഇയാളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടുമെന്ന് പോലീസ് അറിയിച്ചു. ക്വട്ടേഷന്‍ സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
ഫത്തേപൂര്‍ ജില്ലയിലെ രാധാ നഗര്‍ സ്വദേശികളായ രോഹിത് ലോധി (20), രാമചന്ദ്ര പുട്ടു (23), ശിവം പഞ്ചം (24), സോനു ലോധി (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. ഭര്‍ത്താവിനും കൊലയാളികള്‍ക്കും ഇടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഭര്‍ത്താവിന്റെ അര്‍ധ സഹോദരനായ 25 കാരന്‍ ഒളിവിലാണ്.
കഴിഞ്ഞ തിങ്കളാഴ്ച ജനുവരി 22നാണ് ഖുര്‍മ നഗര്‍ കനാല്‍ പാലം റോഡിന് സമീപം 26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. നിര്‍മാണത്തിലിരിക്കുന്ന വീടിനകത്ത് നിന്ന് യുവതിയുടെ നഗ്‌നശരീരം കണ്ടെത്തുകയായിരുന്നു. കൊലയാളികളെ ലാലൗലി പോലീസിന്റെയും സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പിന്റെയും ഫത്തേപൂര്‍ പോലീസിന്റെ നിരീക്ഷണ സംഘത്തിന്റെയും സംയുക്ത സംഘമാണ് പിടികൂടിയത്.
യുവതിക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്താലാണ് ഭര്‍ത്താവ് വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം. ഭാര്യയെ കൊല്ലാന്‍ സൗദിയിലുള്ള ഭര്‍ത്താവ് അടുത്ത ബന്ധുവായ യുവാവിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിനായി ബന്ധുവിന് ഒരു ലക്ഷം രൂപയും കൊലയാളികള്‍ക്ക് രണ്ട് ലക്ഷം രൂപയും ഉള്‍പ്പെടെ മൂന്ന് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും പോലീസ് കണ്ടെത്തി.
ജോലിക്കായി ഒരു വര്‍ഷം മുമ്പാണ് യുവതിയുടെ ഭര്‍ത്താവ് സൗദിയിലേക്ക് പോയത്. ഇയാള്‍ സൗദിയില്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും ബന്ധപ്പെടുകയാണെന്ന് ഫത്തേപൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ ഹോരി ലാല്‍ സിങ് പറഞ്ഞു. നാല് വര്‍ഷം മുമ്പ് സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിലും യുവാവ് പ്രതിയാണെന്നും ആ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും പോലീസ് വെളിപ്പെടുത്തി.
ഭര്‍ത്താവുമായി ഫോണില്‍ തര്‍ക്കിച്ച യുവതി കൊലനടക്കുന്നതിന്റെ 15 ദിവസം മുമ്പ്‌സ്വന്തംവീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. ഫത്തേപൂരിലെ ഭര്‍തൃവീട്ടില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് യുവതിയുടെ വീട്. ഇവിടെ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.ഭര്‍ത്താവിന്റെ ബന്ധു അയല്‍ ഗ്രാമത്തിലെ മാര്‍ക്കറ്റിലേക്ക് പോവുകയാണെന്ന് പറഞ്ഞ് മകളെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയെന്നാണ് മാതാപിതാക്കളുടെ മൊഴി. വൈകുന്നേരം മകള്‍ തിരിച്ചെത്താതായപ്പോള്‍ ബന്ധുവിനെ ബന്ധപ്പെട്ടപ്പോള്‍ ചന്തയില്‍ നിന്ന് തിരിച്ചെത്തി വീടിന് സമീപം ഇറക്കിവിട്ടുവെന്ന മറുപടിയാണ് ലഭിച്ചത്. ഈ ബന്ധുവിന്റെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ഇയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി ചോദ്യംചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്.യുവതിക്ക് പ്രദേശവാസിയായ ഒരാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഭര്‍ത്താവ് സംശയിച്ചിരുന്ന കാര്യം പ്രതികള്‍ വെളിപ്പെടുത്തി. രണ്ടാഴ്ച മുമ്പ് ഭര്‍ത്താവ് ബന്ധുവിനെ ബന്ധപ്പെടുകയും ഭാര്യയെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ ഭര്‍തൃസഹോദരന്‍ തങ്ങളുമായി കരാര്‍ ഉറപ്പിച്ചശേഷം ഒരു ലക്ഷം രൂപ മുന്‍കൂര്‍ നല്‍കിയെന്നും പ്രതികള്‍ മൊഴി നല്‍കി. യുവതിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ ഭര്‍ത്താവിന്റെ ബന്ധുവാണ് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് എത്തിച്ചത്. മറ്റ് പ്രതികള്‍ ഇവരെ മോട്ടോര്‍ സൈക്കിളില്‍ പിന്തുടരുകയും ചെയ്തു. ഇവിടെ വച്ച് ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ മുഖത്ത് കല്ലുകൊണ്ട് അടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.