ഷാർജ : കോഴ്സുകൾ, സ്ഥാപനങ്ങൾ, അഡ്മിഷൻ രീതികൾ, അറിയിപ്പുകൾ എന്നിവയെകുറിച്ച് വിശദമായ വിവരങ്ങൾ അറിയുന്നതിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്ന മികച്ച കരിയർ ഗൈഡൻസ് സ്ഥാപനമായ കരിയർ ഗുരുവിന്റെ യുഎഇയിലെ ആദ്യ ബ്രാഞ്ചിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം ഷാർജയിലെ ദമാസ് 2000 ബിൽഡിങ്ങിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം ഷാർജ രാജകുടുംബാംഗം ഹിസ് ഹൈനസ് ശൈഖ് അബ്ദുൽ അസീസ് ഹുമൈദ് അൽ ഖാസിമി, പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധനും കരിയർ ഗുരുവിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എസ്.ജലീൽ, യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി എന്നിവർ ചേർന്ന് നിർവഹിച്ചു.
നാളിതുവരെയായി കുട്ടികളുടെ അഭിരുചിയും താൽപര്യവും എന്താണെന്ന് ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് അവർക്ക് വേണ്ട ഗൈഡൻസ് നൽകി വിജയത്തിന്റെ പാതയിലേക്ക് എത്തിക്കുന്ന കരിയർ ഗൈഡൻസ് സ്ഥാപനമാണ് കരിയർ ഗുരു. കഴിഞ്ഞ 13 വർഷക്കാലമായി കേരളത്തിൽ പ്രവർത്തിച്ചു വരുന്ന കരിയർ ഗുരുവിന്റെ പ്രവാസലോകത്തെ ആദ്യ ചുവടുവെപ്പിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ചടങ്ങിൽ അബുദാബിയിലെ ഫിനാൻഷ്യൽ അക്കാദമിയുടെ സീനിയർ ഡയറക്ടർ സംഗീത് ഇബ്രാഹിം, സദ്ഭവന ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ അമീർ തയ്യിൽ, കരിയർ ഗുരുവിന്റെ ഡയറക്ടർ ഫിറോസ് ബാബു, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സുഐദി, ലോയി അബു അമ്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു.