Gulf

അഡ്‌നോകില്‍ നിന്ന് എണ്ണയടിക്കുമ്പോള്‍ ശ്രദ്ധിക്കണം; ഹാരിസ് കൂമ്പയിലിന് കിട്ടി 11.28 ലക്ഷം. മുസ്തഫയ്ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്ധനവും

Published

on

യുഎഇയില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇന്ധനം നിറയ്ക്കുന്നതിന് മുമ്പ് അല്‍പം ശ്രദ്ധിച്ചാല്‍ ലക്ഷങ്ങള്‍ നേടാനുള്ള അവസരമാണ് കാത്തിരിക്കുന്നത്. ഫോണ്‍ നമ്പറും എമിറേറ്റ്‌സ് ഐഡിയും ഉള്ള ആര്‍ക്കും അഡ്‌നോകിന്റെ പമ്പുകളിലൂടെ സമ്മാനങ്ങള്‍ നേടാനാവും. ഭാഗ്യനറുക്കെടുപ്പിന്റെ ഭാഗമാവാന്‍ അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ആപ്പിലോ സര്‍വീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചോ സൈന്‍ അപ്പ് ചെയ്താല്‍ മതി.

അഡ്‌നോക് റിവാര്‍ഡ് അംഗത്വമെടുത്ത ശേഷം ഇന്ധനത്തിനായി കമ്പനിയുടെ ഏതെങ്കിലും പമ്പില്‍ 60 ദിര്‍ഹം ചെലവഴിച്ചാല്‍ അഡ്‌നോക് സര്‍വീസ് സ്റ്റേഷനുകളില്‍ നിന്ന് സമ്മാനം ലഭിക്കാനുള്ള സാധ്യത തെളിയും. രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ ഏതെങ്കിലും അഡ്‌നോക് ഒയാസിസ് കണ്‍വീനിയന്‍സ് സ്റ്റോര്‍, കാര്‍ വാഷ്, ലൂബ്രിക്കന്റ് മാറ്റല്‍, എല്‍പിജി ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് എന്നിവയില്‍ 20 ദിര്‍ഹം ചെലവഴിച്ചാലും പ്രതിദിന സമ്മാനങ്ങള്‍ നല്‍കും. നിരവധി പേര്‍ക്ക് പ്രതിവാര സമ്മാനങ്ങളായ 50,000 ദിര്‍ഹം, ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്ധനം, 50 ലക്ഷം റിവാര്‍ഡ് പോയിന്റുകള്‍, അഞ്ചു പേര്‍ക്ക് ഒരു കിലോ സ്വര്‍ണം മെഗാസമ്മാനം എന്നിവ നേടാനുള്ള അവസരവും ലഭിക്കും.

സെപ്റ്റംബറിലെ അഡ്‌നോകിന്റെ ആദ്യ പ്രമോഷന്‍ സമ്മാനം പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മാസം അവസാനത്തിലേക്ക് കടക്കുമ്പോള്‍ നിരവധി പേര്‍ക്ക് 50,000 ദിര്‍ഹം ക്യാഷ് പ്രൈസും ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്ധനവും അല്ലെങ്കില്‍ റിവാര്‍ഡ് പോയിന്റുകളും നേടാനുള്ള അവസരമുണ്ടാവും. സെപ്റ്റംബര്‍ 25ന് ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കുന്ന പ്രമോഷനില്‍ പങ്കെടുക്കാന്‍ രണ്ടാഴ്ച കൂടി സമയമുണ്ട്.

സെപ്റ്റംബര്‍ നാലിന് തിങ്കളാഴ്ച കമ്പനിയുടെ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഈ മാസത്തെ ആദ്യ വിജയികളെ പ്രഖ്യാപിച്ചിരുന്നു. ഹാരിസ് കൂമ്പയില്‍ എന്ന പ്രവാസിയാണ് 50,000 ദിര്‍ഹം (11.28 ലക്ഷം രൂപ) ക്യാഷ് പ്രൈസ് നേടിയത്. മുസ്തഫ മുഹമ്മദ് എന്ന ഉപഭോക്താവ് ഒരു വര്‍ഷത്തെ സൗജന്യ ഇന്ധനത്തിനും അര്‍ഹനായി. സയീദ് അല്‍റൈസ് എന്നയാള്‍ക്കാണ് 50 ലക്ഷത്തിന്റെ റിവാര്‍ഡ് പോയിന്റുകള്‍ ലഭിച്ചത്.

ഓരോ ഇടപാടിനും മുമ്പ് നറുക്കെടുപ്പിന്റെ ഭാഗമാവാന്‍ എമിറേറ്റ്‌സ് ഐഡിയോ റിവാര്‍ഡ് അംഗത്വ ക്യുആര്‍ കോഡോ കാണിക്കണം. അഡ്‌നോകിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വെബ്‌സൈറ്റിലും ആപ്പിലും വിജയികളെ പ്രഖ്യാപിക്കും. 2023 ജൂണ്‍ 26 മുതല്‍ സെപ്റ്റംബര്‍ 24 വരെയാണ് പ്രമോഷന്‍. 2023 സെപ്റ്റംബര്‍ 25ന് അഞ്ച് വിജയികള്‍ക്ക് ഒരു കിലോ സ്വര്‍ണം മെഗാസമ്മാനം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version