മനാമ: ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തം. വിദേശങ്ങളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാക്കുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്നും ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്മെന്റുകളും രക്ഷിതാക്കളും അഭ്യര്‍ത്ഥിച്ചു.
നീറ്റ് പരീക്ഷാ കേന്ദ്രം പുനസ്ഥാപിക്കണമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) മാനേജ്മെന്റ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് (എന്‍ടിഎ) അഭ്യര്‍ത്ഥിച്ചു. നീറ്റ് യുജി 2024ന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ എന്‍ടിഎ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള 554 കേന്ദ്രങ്ങള്‍ പരീക്ഷാ കേന്ദ്രമായി അനുവദിച്ചിട്ടുണ്ടെങ്കിലും ഗള്‍ഫിലെ സെന്ററുകളെ ഇതില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
എന്‍ടിഎയ്ക്ക് നല്‍കിയ നിവേദനത്തില്‍, നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ നിര്‍ത്താനുള്ള തീരുമാനത്തില്‍ ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ആശങ്ക പ്രകടിപ്പിച്ചു. ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 2022ലും 2023ലും നീറ്റ് യുജി പരീക്ഷ ഈ സ്‌കൂളില്‍ വിജയകരമായി നടത്തിയ കാര്യവും ചൂണ്ടിക്കാട്ടി.
സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് പുതിയ തീരുമാനം കനത്ത തിരിച്ചടിയാവുമെന്നും നിവേദനത്തില്‍ വ്യക്തമാക്കി. അമിതമായ വിമാനക്കൂലിയും ഇന്ത്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങളും സ്ഥിതിഗതികള്‍ വഷളാക്കുന്നു. ജോലി-വിസ സംബന്ധമായ കാരണങ്ങളാലും കുട്ടികളോടൊപ്പം ഇന്ത്യയിലേക്കുള്ള യാത്ര ദുഷ്‌കരമാണെന്നും സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.
മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ അപരിചിതമായ ചുറ്റുപാടുകളില്‍ പരീക്ഷ എഴുതേണ്ടിവരുന്നത് വിദ്യാര്‍ഥികളില്‍ മാനസിക പിരിമുറുക്കം സൃഷ്ടിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ ഓര്‍മിപ്പിച്ചു. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ദോഷകരമായി ബാധിക്കുന്ന തീരുമാനം പിന്‍വലിക്കണമെന്നും പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
ഒമാനിലെ നീറ്റ് പരീക്ഷാ കേന്ദ്രം പുനസ്ഥാപിക്കണമെന്ന് മസ്‌കറ്റില്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസില്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ അംബാസഡര്‍ അമിത് നാരംങിന് നിവേദന നല്‍കി. വിമാന യാത്രാക്കൂലി വര്‍ധിച്ച സമയത്ത് നാട്ടില്‍ പോയി പരീക്ഷയെഴുതി തിരിച്ചുവരുന്നത് വലിയ സാമ്പത്തിക ചെലവ് വരുത്തിവയ്ക്കുമെന്നും നവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പൊടുന്നനെ പരീക്ഷാകേന്ദ്രങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം പ്രവാസികളായ രക്ഷിതാക്കള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളും ആശങ്കാകുലരാണ്. വിദ്യാര്‍ഥികളുടെ ഭാവിയെ സാരമായി ബാധിക്കുന്നതില്‍ തീരുമാനം പിന്‍വലിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
300ലധികം രക്ഷകര്‍ത്താക്കള്‍ ഒപ്പിട്ട നിവേദനമാണ് അംബാസഡര്‍ക്ക് സമര്‍പ്പിച്ചത്. വിഷയം അടിയന്തരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നീറ്റ് അധികൃതരുടെയും ശ്രദ്ധയില്‍ പെടുത്തുമെന്ന് അംബാസഡര്‍ രക്ഷിതാക്കള്‍ക്കും പ്രവാസി സംഘടനാ നേതാക്കള്‍ക്കും ഉറപ്പുനല്‍കി.