Gulf

വാടക കാറുമായി വിദേശത്തേക്ക് പോകാമോ? വ്യക്തത വരുത്തി സൗദി കസ്റ്റംസ് അതോറിറ്റി

Published

on

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വാടക കാറുമായി അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി വിദേശത്തേക്ക് പോകാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കി സൗദി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി. വിദേശത്തേക്ക് ഏതെങ്കിലും വാഹനം കൊണ്ടുപോകാന്‍ അതിന്റെ ഉടമസ്ഥന് മാത്രമാണ് അവകാശമെന്നും അല്ലാത്തപക്ഷം ഉടമസ്ഥന്‍ നല്‍കുന്ന സാധുതയുള്ള അധികാരപത്രം ഉണ്ടായിരിക്കണമെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.

സൗദിയില്‍നിന്ന് വാഹനവുമായി വിദേശത്തേക്ക് പോകണമെങ്കില്‍ ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. വാഹനത്തിന്റെ ആര്‍സി അഥവാ വെഹിക്കിള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധിയുള്ളതായിരിക്കണം. വാഹനത്തിന്റെ ഉടമസ്ഥന് മാത്രമാണ് വാഹനം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ സാധാരണനിലയില്‍ അനുവാദമുള്ളത്.

ഡ്രൈവര്‍ വാഹനത്തിന്റെ ഉടമയല്ലെങ്കില്‍ വിദേശത്തേക്ക് കൊണ്ടുപോകാന്‍ വാഹന ഉടമ നല്‍കിയ കാലാവധിയുള്ള ഓതറൈസേഷന്‍ ലെറ്റര്‍ ഉണ്ടായിരിക്കണം.അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി വാഹനം വിദേശത്തേക്ക് കൊണ്ടുപോകുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സും കാലാവധിയുള്ളതായിരിക്കണമെന്നും സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

കസ്റ്റംസ് നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന വ്യക്തിഗത വസ്തുക്കളില്‍ വാഹനങ്ങള്‍ ഉള്‍പ്പെടില്ല. പഴയ വീട്ടുപകരണങ്ങളും വ്യക്തിഗത വസ്തുക്കളും കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കുന്നത് വ്യവസ്ഥകള്‍ക്ക് വിധേയമായാണ്. പഴയ വസ്തുക്കള്‍ വ്യക്തിഗത ഉപയോഗത്തിനുള്ളവ ആയിരിക്കണം. ഇവ സൗദിയിലേക്ക് കൊണ്ടുവരുന്നത് കസ്റ്റംസ് നികുതി ഇളവിന് അര്‍ഹതയുള്ള വ്യക്തി താമസിക്കുന്ന സ്ഥലത്തുനിന്നായിരിക്കണം. മറ്റു രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന വസ്തുക്കള്‍ക്ക് ഇളവ് ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version