Gulf

തൊഴില്‍ വിസ ലഭിച്ച് യുഎഇയിലേക്ക് വരുമ്പോള്‍ കുടുംബത്തെ കൂടെക്കൂട്ടാന്‍ കഴിയുമോ? അറിയാം വിസ നിയമങ്ങള്‍

Published

on

അബുദാബി: തൊഴില്‍ വിസയില്‍ യുഎഇയിലേക്ക് പോകുകയാണെങ്കില്‍ കുടുംബത്തെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള വഴികളുണ്ട്. ദുബായിലെ ഒരു സ്ഥാപനം നിങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നുവെന്നും നിങ്ങളുടെ തൊഴില്‍ ദാതാവ് യുഎഇ റെസിഡന്‍സ് വിസ സ്‌പോണ്‍സര്‍ ചെയ്യുമെന്നും കരുതുക. തൊഴില്‍ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് 2021 ലെ ഫെഡറല്‍ ഉത്തരവ് 33ാം നമ്പര്‍ പ്രകാരം 2022ലെ കാബിനറ്റ് പ്രമേയം ഒന്ന് അനുസരിച്ചുള്ള വ്യവസ്ഥകളാണ് ഇവിടെ ബാധകം.

യുഎഇ ലേബര്‍ നിയമപ്രകാരം ഒരു തൊഴിലുടമയ്ക്ക് യുഎഇക്ക് പുറത്തുള്ള ഒരു വ്യക്തിയെ ജോലിക്കെടുക്കാനും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് വര്‍ക്ക് പെര്‍മിറ്റും താമസ വിസയും നല്‍കാനും കഴിയും. നിങ്ങളുടെ തൊഴിലുടമ സ്‌പോണ്‍സര്‍ ചെയ്യുന്ന എന്‍ട്രി പെര്‍മിറ്റ് ഉപയോഗിച്ച് മാത്രമേ നിങ്ങള്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ കഴിയൂ എങ്കിലും കുടുംബാംഗങ്ങളെ വിസിറ്റ് വിസയില്‍ കൂടെ കൊണ്ടുപോകുന്നതിന് തടസമില്ല.

യുഎഇയിലെത്തിയ ശേഷം വര്‍ക്ക് പെര്‍മിറ്റും റെസിഡന്‍സി വിസയും ലഭ്യമായിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തിന്റെ വിസ നില മാറ്റാനും നിങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ അവര്‍ക്കും റെസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാനും കഴിയും.

ജോലി നല്‍കുന്ന സ്ഥാപനത്തിന് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയും തൊഴിലാളിക്ക് യുഎഇ റെസിഡന്‍സി വിസ ലഭിക്കുകയും ചെയ്യുന്നതോടെ മാത്രമേ ജോലി നിയമപരമാവുകയുള്ളൂ. വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച 2021ലെ ഫെഡറല്‍ നിയമം നമ്പര്‍ 29 എന്നിവയാണ് ഇവിടെ ബാധകം. തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് നേടാതെ ഒരു തൊഴിലുടമയും ഒരു ജീവനക്കാരനെയും റിക്രൂട്ട് ചെയ്യുകയോ നിയമിക്കുകയോ ചെയ്യരുതെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. വര്‍ക്ക് പെര്‍മിറ്റ് നേടാതെ ജോലിചെയ്യാതിരിക്കാന്‍ തൊഴിലാളിയും ബാധ്യസ്ഥനാണ്.

വര്‍ക്ക് പെര്‍മിറ്റുകളില്‍ പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ്, താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ്, ഫ്രീലാന്‍സ് വര്‍ക്ക് പെര്‍മിറ്റ് എന്നിവയും ഉള്‍പ്പെടുന്നു. ഇതില്‍ ഏതാണ് ലഭിക്കുന്നതെന്ന് മനസിലാക്കുകയും തൊഴിലാളിയും തൊഴിലുടമയും സാധുവായ തൊഴില്‍ കരാറുണ്ടാക്കി ഒപ്പുവയ്ക്കുകയും വേണം.

രണ്ട് കാറ്റഗറികളിലായാണ് വിസിറ്റ് അനുവദിക്കുന്നത്. യുഎഇ നിവാസികള്‍ക്ക് 1,000 ദിര്‍ഹം നിക്ഷേപിച്ച് അടുത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്‌പോണ്‍സര്‍ ചെയ്യുന്നതാണ് ഇതിലൊന്ന്. ഇതിന് ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞ ശമ്പളം വിവിധ തൊഴില്‍വിഭാഗങ്ങളിലായി 6,000 ദിര്‍ഹം മുതല്‍ 8,000 ദിര്‍ഹം വരെ ആയിരിക്കണമെന്ന നിബന്ധനയുണ്ട്. 1,000 ദിര്‍ഹം റീഫണ്ടബിള്‍ ഡെപ്പോസിറ്റിനൊപ്പം വിസയുടെ വില ഏകദേശം 800 ദിര്‍ഹമാണ്.

ട്രാവല്‍ ഏജന്റ് വഴി ഏതൊരാള്‍ക്കും വിസിറ്റ് വിസ ലഭിക്കുന്നതാണ് രണ്ടാമത്തെ കാറ്റഗറി. സ്‌പോണ്‍സര്‍ ട്രാവല്‍ ഏജന്റ് ആയിരിക്കും സ്‌പോണ്‍സര്‍. പാസ്‌പോര്‍ട്ട് പകര്‍പ്പും ഫോട്ടോയും മാത്രമാണ് ഇതിന് ആവശ്യമായ രേഖകള്‍. 1,200 ദിര്‍ഹം മുതല്‍ 1,400 ദിര്‍ഹം വരെയാണ് വിസ ചെലവ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version