ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ബാറ്റര്‍മാരില്‍ ഒരാളാണ് ജോസ് ബട്ട്ലര്‍ (Jos Buttler). ഏകദിന ലോകകപ്പ് കിരീടത്തിനായുള്ള നീണ്ട കാത്തിരിപ്പ് 2019ല്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിനെ സഹായിക്കുന്നതില്‍ താരം വലിയ പങ്ക് വഹിച്ചു. കഴിഞ്ഞ വര്‍ഷം, അവരെ അവരുടെ രണ്ടാമത്തെ ഐസിസി പുരുഷ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതും ബട്ലറാണ്.
ടി20 ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ 49 പന്തില്‍ 80 റണ്‍സുമായി പുറത്താകാതെ നിന്ന അദ്ദേഹം, അലക്സ് ഹെയ്ല്‍സിനൊപ്പം ഒന്നാം വിക്കറ്റില്‍ 170 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 32 കാരനായ വലംകൈയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ രാജസ്ഥാന് റോയല്‍സിനുവേണ്ടി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും (IPL) ഗംഭീര പ്രകടനമാണ് നടത്തിയത്.
ഓപ്പണറായി ബാറ്റ് ചെയ്യുന്ന ബട്ട്ലര്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ 2022 സീസണില്‍ ഏറ്റവും ഉയർന്ന റണ്‍സ് സ്കോററായി ഫിനിഷ് ചെയ്തു. സഞ്ജു സാംസണ് നയിക്കുന്ന ടീമിനായി 17 മത്സരങ്ങളും കളിച്ച അദ്ദേഹം 57.53 ശരാശരിയിലും 149.05 സ്ട്രൈക്ക് റേറ്റിലും 863 റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ അദ്ദേഹം നാല് സെഞ്ച്വറികളും അര്‍ധസെഞ്ച്വറികളും നേടി. 2022 ലെ തന്റെ നാല് സെഞ്ച്വറികളോടെ, ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ബാറ്റര്‍ എന്ന മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും ബട്ലറിന് സാധിച്ചു. 2016ലെ ഐപിഎല്ലില്‍ കോഹ്ലി നാല് സെഞ്ച്വറികളും നേടിയിരുന്നു.
തകര്‍പ്പന്‍ ഫോം ഉണ്ടായിരുന്നിട്ടും, ബട്ട്ലര്‍ ചില ബൗളര്‍മാര്‍ക്കെതിരെ തന്റെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തിട്ടില്ല. ഒരു പരിപാടിയില്‍ പങ്കെടുക്കവെ താന്‍ ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും കടുപ്പമേറിയ ബൗളറെ കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു. ഒരു ബാറ്ററായി താന്‍ നേരിട്ട മികച്ച ബൗളറെ കുറിച്ച് ചോദിച്ചപ്പോള്‍, ഓസ്ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സിനെയും (Pat Cummins), കാഗിസോ റബാഡ, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്റ് ബോള്‍ട്ട്, ഷഹീന് അഫ്രീദി തുടങ്ങിയ പേസര്‍മാരെ അദ്ദേഹം ഒഴിവാക്കി. പകരം ഇന്ത്യന്‍ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയാണ് (Jasprit Bumrah) ബട്ട്ലര്‍ക്ക് കടുപ്പക്കാരനായ താരം.
ഐപിഎല്ലിന്റെ ആദ്യ ദിവസങ്ങളില്‍ മുംബൈ ഇന്ത്യന്‍സില്‍ ബുംറയ്ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട ബട്ട്ലറെ ടി20 മത്സരങ്ങളില്‍ നിന്ന് നാല് തവണ ഇന്ത്യന്‍ പേസര്‍ പുറത്താക്കിയിട്ടുണ്ട്. 29 കാരനായ ബുംറയ്ക്കെതിരെ ബട്ട്ലറുടെ സ്ട്രൈക്ക് റേറ്റ് 86.76 ആണ്. ഏകദിന മത്സരങ്ങളെ സംബന്ധിച്ചിടത്തോളം, ബട്ട്ലറുടെ അടുത്ത് ആറ് പന്തുകള്‍ മാത്രമേ ബുംറ എറിഞ്ഞിട്ടുള്ളൂ, ആ ആറ് പന്തുകളില്‍ നേടിയതാവട്ടെ രണ്ട് റണ്‍സും.