മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന AI671 എന്ന വിമാനത്തിലാണ് സംഭവം. എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത മഹാവീർ ജെയിൻ എന്ന വ്യക്തിക്കാണ് ഈ ദുരനുഭവമുണ്ടായത്.തുടർന്ന് അദ്ദേഹം ഭക്ഷണത്തിലെ പ്രാണിയുടെ ചിത്രം ട്വീറ്റ് ചെയ്തു. ഇതോടെ സംഭവം വൈറലായി.
‘എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണിയുണ്ടായിരുന്നു. ശുചിത്വം പാലിച്ചതായി തോന്നുന്നില്ല. AI671- മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിലായിരുന്നു യാത്ര. സീറ്റ് 2C’ ജെയിൻ ട്വീറ്റ് ചെയ്തു.
എയർ ഇന്ത്യ അധികൃതർ മഹാവീർ ജെയിനോട് ക്ഷമ ചോദിച്ച് രംഗത്തെത്തി. യാത്രയ്ക്കിടെ ഇത്ര മോശം അനുഭവമുണ്ടായതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എന്നാൽ ഓരോ ഘട്ടത്തിലും ശുചിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ പാലിച്ചിരുന്നു. എയർ ഇന്ത്യ മറുപടിയായി ട്വീറ്റ് ചെയ്തു. തുടർന്ന് കാറ്ററിംഗ് ടീമിനെതിരെ നടപടിയെടുക്കുന്നതിനായി അവരുടെ വിവരങ്ങൾ അധികൃതർ യാത്രക്കാരനോട് ചോദിച്ചു.