ന്യൂഡൽഹി ∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. പഴയ പാർലമെന്റ് മന്ദിരത്തിൽത്തന്നെയാണു സമ്മേളനത്തിന്റെ ആദ്യഘട്ടം നടക്കുന്നത്. മാർച്ചിൽ ആരംഭിക്കുന്ന രണ്ടാംഘട്ടം പുതിയ പാർലമെന്റ് മന്ദിരത്തിലാകുമെന്നറിയുന്നു.
ദ്രൗപദി മുർമു രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. സാമ്പത്തിക സർവേ ഇന്നു പാർലമെന്റിൽ വയ്ക്കും. ബജറ്റ് നാളെ രാവിലെ 11നു ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന സെഷനിൽ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ച, ബജറ്റ് ചർച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. മാർച്ച് 14ന് ആരംഭിച്ച് ഏപ്രിൽ 6നു തീരുന്ന രണ്ടാം സെഷനിൽ ഉപധനാഭ്യർഥനകൾ, ബജറ്റ് ചർച്ച, ബജറ്റ് പാസാക്കൽ എന്നിവയുമുണ്ടാകും.
ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ച എല്ലാ വിവരങ്ങളും രാജ്യസുരക്ഷ കണക്കിലെടുത്തു പാർലമെന്റിൽ പറയാനാവില്ലെന്ന് ഇന്നലെ സർവകക്ഷി യോഗത്തിൽ സർക്കാർ നിലപാടെടുത്തിരുന്നു. എന്നാൽ ഏതു വിഷയവും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നാണു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോടു പറഞ്ഞത്.
ചൈനീസ് അതിക്രമം, ജാതി സെൻസസ്, അദാനി ഓഹരികൾ പെരുപ്പിച്ചു കാണിച്ചതു സംബന്ധിച്ച വിവാദം എന്നിവ ചർച്ച ചെയ്യണമന്നു സർവകക്ഷി യോഗത്തിൽ പ്രതിപക്ഷകക്ഷികൾ ആവശ്യപ്പെട്ടിരുന്നു.
ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ചർച്ച നടത്തണമെന്നു സിപിഐ രാജ്യസഭാംഗം പി.സന്തോഷ് കുമാർ ആവശ്യപ്പെട്ടു. ബിബിസി ഡോക്യുമെന്ററി നിരോധനം, ഗവർണർമാരുടെ അധികാര ദുർവിനിയോഗം, അദാനി ഗ്രൂപ്പ് വിവാദം എന്നിവയും ചർച്ച ചെയ്യണം. ഗവർണർമാരുടെ അമിതാധികാര പ്രയോഗം ഡിഎംകെയും ചൂണ്ടിക്കാണിച്ചു.
റബറിന്റെ വിലയിടിവു മൂലം പട്ടിണിയിലേക്കു നീങ്ങുന്ന കൃഷിക്കാരെ രക്ഷിക്കുന്നതിനു കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു. വൈഎസ്ആർ കോൺഗ്രസ്, ജെഡി (യു), ആർജെഡി കക്ഷികൾ ജാതി സെൻസസ് നടത്തുന്നതു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്ത് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് അബ്ദുസമദ് സമദാനി ആവശ്യപ്പെട്ടു.