Sports
യുണൈറ്റഡിനെ നാണം കെടുത്തി ബ്രൈറ്റൺ; വിജയഗാഥ തുടർന്ന് സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. എവേ മത്സരത്തിൽ വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി തോല്‍പ്പിച്ചത്. ഇതോടെ ലീഗില്‍ കളത്തിലിറങ്ങിയ അഞ്ച് മത്സരങ്ങളും വിജയിച്ചിരിക്കുകയാണ് പെപ് ഗ്വാർഡിയോളയുടെ ടീം. അതേസമയം സ്വന്തം കാണികൾക്ക് മുന്നിൽ ബ്രൈറ്റണോട് ദയനീയ പരാജയമേറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് ബ്രൈറ്റണോട് മുട്ടുകുത്തിയത്.
ശനിയാഴ്ച സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തിലാണ് എറിക് ടെന്‍ഹാഗിന്റെ ടീമിന് കനത്ത തോല്‍വിയേറ്റുവാങ്ങേണ്ടി വന്നത്. മികച്ച രീതിയില്‍ തന്നെയാണ് മത്സരം ആരംഭിച്ചതെങ്കിലും ബ്രൈറ്റണ്‍ പ്രതിരോധം ഭേദിക്കാന്‍ യുണൈറ്റഡിന്റെ മുന്നേറ്റനിരയ്ക്ക് കഴിഞ്ഞില്ല. റാഷ്‌ഫോര്‍ഡിന്റെ ഒരു ഷോട്ട് ലക്ഷ്യത്തിലേക്ക് വന്നെങ്കിലും ബ്രൈറ്റണ്‍ കീപ്പര്‍ ജേസണ്‍ സ്റ്റീല്‍ തടഞ്ഞു. പതുക്കെ ബ്രൈറ്റണ്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ തുടങ്ങി. 20-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് സൈമണ്‍ അദിംഗ്ര നല്‍കിയ പാസില്‍ നിന്ന് ഡാനി വെല്‍ബെക്ക് ബ്രൈറ്റണ് ലീഡ് സമ്മാനിച്ചു.
യുണൈറ്റഡ് മറുപടി ഗോളിനായി ശ്രമിച്ചുകൊണ്ടേയിരുന്നു. 40-ാം മിനിറ്റില്‍ റാസ്മുസ് ഹോയ്‌ലുണ്ടിലൂടെ യുണൈറ്റഡ് സമനില നേടി. പക്ഷേ വാര്‍ പരിശോധനയില്‍ റാഷ്‌ഫോര്‍ഡ് ഹോയ്‌ലുണ്ടിന് പാസ് നല്‍കുന്നതിന് മുന്‍പ് പന്ത് പുറത്ത് പോയിരുന്നെന്ന് കണ്ടെത്തി. ഇതോടെ ആദ്യ പകുതി ബ്രൈറ്റണ് അനുകൂലമായി 1-0ന് അവസാനിച്ചു.
രണ്ടാം പകുതിയിലും മത്സരത്തിന്റെ നിയന്ത്രണം ബ്രൈറ്റണ്‍ വിട്ടുകൊടുത്തില്ല. 53-ാം മിനിറ്റില്‍ പാസ്‌കാല്‍ ഗ്രോസിലൂടെ ബ്രൈറ്റണ്‍ ലീഡുയര്‍ത്തി. താരിഖ് ലാമ്പ്റ്റിയുടെ പാസ് സ്വീകരിച്ച ഗ്രോസ് ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെ കബളിപ്പിച്ചാണ് ഫിനിഷ് ചെയ്തത്. 71-ാം മിനിറ്റില്‍ വീണ്ടും യുണൈറ്റഡിന്റെ വല കുലുങ്ങി. ബ്രസീലിയന്‍ താരം ജാവോ പെഡ്രോ മൂന്നാം ഗോള്‍ നേടിയതോടെ ബ്രൈറ്റണ്‍ വിജയമുറപ്പിച്ചു. 73-ാം മിനിറ്റില്‍ യുണൈറ്റഡ് ഒരു ഗോള്‍ തിരിച്ചടിച്ചു. മിഡ്ഫീല്‍ഡര്‍ ഹാനിബല്‍ മെജ്ബ്രി മനോഹരമായ സ്‌ട്രൈക്കിലൂടെയാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഓള്‍ഡ് ട്രാഫോഡില്‍ പരാജയപ്പെടുന്നത്. ആ മത്സരത്തിലും ബ്രൈറ്റനോടായിരുന്നു പരാജയം. ലീഗില്‍ അഞ്ച് മത്സരത്തില്‍ നിന്ന് യുണൈറ്റഡിന്റെ മൂന്നാം തോല്‍വിയാണിത്. ആറ് പോയിന്റുമായി പട്ടികയില്‍ 12-ാം സ്ഥാനത്താണ് യുണൈറ്റഡ്. വിജയത്തോടെ ബ്രൈറ്റണ്‍ 12 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെസ്റ്റ്ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ വന്നില്ല. അതിനിടെ കിട്ടിയ അവസരം മുതലെടുത്ത വെസ്റ്റ്ഹാം 36-ാം മിനിറ്റില്‍ ലീഡ് എടുത്തു. മധ്യനിര താരം ജെയിംസ് വാര്‍ഡ്‌പ്രോസ് നേടിയ ഗോളില്‍ വെസ്റ്റ്ഹാമിന് അനുകൂലമായി ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സിറ്റി സമനില കണ്ടെത്തി. 46-ാം മിനിറ്റില്‍ സിറ്റിയുടെ പുതിയ സൈനിങ് ജെറെമി ഡോകുവാണ് ഗോള്‍ നേടിയത്. 76-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയിലൂടെ സിറ്റി ലീഡുയര്‍ത്തി. ഇരുഗോളുകളുകള്‍ക്കും അസിസ്റ്റ് നല്‍കിയത് ജൂലിയന്‍ അല്‍വാരസ് ആയിരുന്നു. 87-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയുടെ അസിസ്റ്റില്‍ നിന്ന് സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് കൂടെ ഗോള്‍ നേടിയതോടെ സിറ്റിയുടെ വിജയം പൂര്‍ത്തിയായി. ഈ ജയത്തോടെ 15 പോയിന്റുമായി സിറ്റി ലീഗില്‍ ഒന്നാമതെത്തി. പത്ത് പോയിന്റുമായി വെസ്റ്റ്ഹാം ആറാം സ്ഥാനത്താണ്.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
