കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് അനധികൃതമായി ഡ്രൈവിങ് ലൈസന്‍സ് എടുത്തുകൊടുക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷ. കുവൈറ്റിലെ അപ്പീല്‍ കോടതിയാണ് എട്ട് പ്രതികള്‍ക്ക് നാല് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇതേ കേസില്‍ കേണല്‍ റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെയും കോടതി സമാനമായ വിധി പുറപ്പെടുവിച്ചു.
ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ആഭ്യന്തര വകുപ്പ് മുന്നോട്ടുവച്ച നിശ്ചിത യോഗ്യതകളില്ലാത്ത പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് സംഘടിപ്പിച്ചു നല്‍കിയതാണ് കുറ്റം. ഇതിനു പകരമായി ഇവര്‍ പ്രവാസികളില്‍ നിന്ന് കൈക്കൂലി വാങ്ങി. ഇതില്‍ നിന്ന് ഒരു പങ്ക് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥന് നല്‍കുകയും ചെയ്തു. പ്രതികളില്‍ നിന്ന് വാങ്ങിയ കൈക്കൂലിക്ക് പകരമായി ഇയാള്‍ അനധികൃതമായി ലൈസന്‍സ് അനുവദിച്ചു നല്‍കുകയും ചെയ്തതായാണ് കേസ്. കൈക്കൂലി വാങ്ങുക, കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുക, ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത്.
അനധികൃതമായി ലൈസന്‍സ് നേടിയ പ്രവാസികള്‍ക്കും അത് അനുവദിച്ച ഉദ്യോഗസ്ഥനുമിടയില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നതാണ് പ്രവാസികള്‍ക്കെതിരായ കുറ്റം. നേരത്തെ, ഇതേ കേസ് പരിഗണിച്ച കീഴ്ക്കോടതി ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥന് എട്ട് വര്‍ഷം തടവും എട്ട് പ്രവാസികള്‍ക്ക് ആറ് മുതല്‍ നാലുവര്‍ഷം വരെ തടവും വിധിച്ചിരുന്നു. എന്നാല്‍ കീഴ്‌ക്കോടതി ഇത് നാലു വര്‍ഷമായി ചുരുക്കുകയായിരുന്നു.
ഏകദേശം 3.2 ദശലക്ഷം പ്രവാസികളുള്ള കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങള്‍ അടുത്ത കാലത്തായി കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവാസികളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. ജോലിയുടെ സ്വഭാവം, ശമ്പളം, ഫാമിലി സ്റ്റാറ്റസ്, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ശക്തമായ നിയന്ത്രണങ്ങളാണ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള മാനദണ്ഡമായി കുവൈറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ പ്രവാസികള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ഇലക്ട്രോണിക് കാര്‍ഡ് രീതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതുപ്രകാരം, വിദേശികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സര്‍ക്കാരിന്റെ സാഹില്‍ ആപ്പ് വഴിയോഇലക്ട്രോണിക് ആയി മാത്രമേ ലൈസന്‍സ് എടുക്കാനും പുതുക്കാനും സാധിക്കുകയുള്ളൂ.