Sports

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മരിയോ സഗല്ലോ അന്തരിച്ചു

Published

on

റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മരിയോ സഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത താരമാണ്. ഈ അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യ താരവും സഗല്ലോയാണ്.

1958ലും 1962ലും ലോകകിരീടം ചൂടിയ കാനറിപ്പടയില്‍ അംഗമായിരുന്നു സഗല്ലോ. 1970ല്‍ ബ്രസീല്‍ മൂന്നാം ലോകകപ്പ് ജേതാക്കളായപ്പോള്‍ പരിശീലകന്റെ കുപ്പായത്തില്‍ സഗല്ലോ ആയിരുന്നു. 1994ല്‍ കാനറികള്‍ വീണ്ടും കിരീടം ചൂടിയപ്പോള്‍ സഹ പരിശീലകനായും അദ്ദേഹം ടീമിലുണ്ടായിരുന്നു. 1958ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ അവസാന താരവും വിടപറയുകയാണ്.

ബ്രസീലിന് ഏറെ ജനകീയനായ താരമായിരുന്നു സഗല്ലോ. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് മരണവിവരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ബ്രസീലിയന്‍ സോക്കര്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡോ റോഡ്രിഗസ് ഇതിഹാസതാരത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ബ്രസീല്‍ ഫുട്‌ബോളിന്റെ മഹാനായ നായകന്റെ വേര്‍പാടില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version