അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ച. വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമേ ആണ് ഇപ്പോള്‍ രണ്ടിടത്ത് കൂടി ചോർച്ച കണ്ടെത്തിയത്. രണ്ട് ഹീലിയം വാൾവുകൾ പൂട്ടി പ്രശ്നം തൽക്കാലം പരിഹരിച്ചെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
നിലവിൽ യാത്രാപേടകം സുരക്ഷിതമാണ്. ഇന്ന് രാത്രി ഒമ്പതരയ്ക്ക് ശേഷമാകും പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തുക. ഇന്നലെ രാത്രി 8.22നായിരുന്നു വിക്ഷേപണം. ഇന്ത്യൻ വംശജയായ സുനിത വില്യംസും, അമേരിക്കൻ ബുച്ച് വിൽമോറുമാണ് സ്റ്റാർലൈനറിന്‍റെ ആദ്യ മനുഷ്യ ദൗത്യത്തിലെ യാത്രക്കാർ.
നേരത്തെയും പലതവണ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നും സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നും പലതവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന് പിന്നാലെ യാത്രക്കിടെയാണ് വീണ്ടും പേടകത്തില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തിയത്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.