Sports

ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം അടുത്ത കുറച്ച് മത്സരങ്ങളിൽ നിന്ന് പുറത്ത്; ടീമിന് കനത്ത തിരിച്ചടി സമ്മാനിക്കുന്ന വാർത്ത

Published

on

ഇന്ത്യൻ സൂപ്പർ ലീഗിൻെറ (Indian Super League) ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനവുമായാണ് ആരാധകരുടെ സ്വന്തം മഞ്ഞപ്പട (Manjappada) കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC) 2023-24 സീസൺ തുടങ്ങിയത്. ആദ്യമത്സരത്തിൽ തന്നെ സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ (Bengaluru FC) പൂട്ടിക്കെട്ടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് അവരെ പറഞ്ഞയച്ചത്. കഴിഞ്ഞ സീസണിലെ വിവാദ മത്സരത്തിലെ തോൽവിക്ക് അങ്ങനെ ബ്ലാസ്റ്റേഴ്സ് കണക്കുവീട്ടുകയും ചെയ്തു.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്. സീസണിലെ രണ്ടാം മത്സരത്തിൽ ജംഷദ്പുർ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനും തോൽപ്പിച്ചു. ഇരുമത്സരങ്ങളിലും ഗോളടിച്ച് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ താൻ മിന്നുന്ന ഫോമിലാണെന്ന് തെളിയിക്കുകയും ചെയ്തു. ദിമിത്രിയോസ് ഡയമൻറക്കോസ് കൂടി എത്തിയതോടെ ടീമിൻെറ മുന്നേറ്റനിരയ്ക്ക് കരുത്ത് കൂടി.

ഐഎസ്എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ട് മത്സരങ്ങളിലും വിജയം നേടുന്നത്. എന്നാൽ, സീസണിലെ ആദ്യ എവേ മത്സരത്തിനായി ഇറങ്ങിയ മഞ്ഞപ്പടയ്ക്ക് പിഴച്ചു. കരുത്തരായ മുംബൈ സിറ്റി എഫ്സിക്ക് (Mumbai City FC) മുന്നിൽ അടിപതറി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുംബൈ സിറ്റിയോട് തോൽവി വഴങ്ങി. ഈ സീസണിൽ ക്ലബ്ബിൻെറ ആദ്യതോൽവിയാണിത്.

മുംബൈ സിറ്റിക്കെതിരായ തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയെ ആകെ പ്രശ്നങ്ങൾ വലയ്ക്കുകയാണ്. മത്സരത്തിൽ സൂപ്പർതാരവും പ്രതിരോധനിരയിലെ പുതിയ കണ്ടെത്തലുമായ മിലോസ് ഡ്രിൻസിച്ചിന് ചുവപ്പുകാർഡ് കാണേണ്ടി വന്നു. മിന്നുന്ന ഫോമിൽ കളിക്കുന്ന താരത്തിന് ചുവപ്പുകാർഡ് കിട്ടിയത് ടീമിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.

ഇപ്പോഴിതാ എഫ്സി ഗോവയിൽ നിന്നും ടീമിലെത്തിച്ച പ്രതിഭാധനനായ ഡിഫൻഡർ ഐബൻ ഡോഹ്ലിങ് (Aibanbha Dohling) പരിക്കിൻെറ പിടിയിലാണെന്ന് വാർത്തകൾ പുറത്ത് വന്നിരിക്കുകയാണ്. പരിക്ക് കാരണം താരത്തിന് നിരവധി പ്രധാനപ്പെട്ട മത്സരങ്ങൾ നഷ്ടമായേക്കും. അടുത്ത മത്സരത്തിൽ താരം കളിക്കില്ല. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ പരിക്കേറ്റതാണ് വിനയായത്. താരത്തിൻെറ പരിക്ക് പെട്ടെന്ന് മാറിയില്ലെങ്കിൽ ടീമിന് അത് വലിയ തിരിച്ചടിയായി മാറും. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ തന്നെ ഐബൻ ഉണ്ടായിരുന്നു.

മധ്യനിരയിലെ സൂപ്പർ താരം ജിക്ക്സൺ സിങ്ങും (Jeakson Singh) പരിക്കിൻെറ പിടിയിലാണെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ താരത്തിൻെറ പരിക്ക് എത്രത്തോളും ഗുരുതരമാണെന്ന് വ്യക്തമല്ല. അടുത്ത മത്സരത്തിൽ ജീക്ക്സണും കളിക്കുമോയെന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. അങ്ങനെയെങ്കിൽ ബ്ലാസ്റ്റേഴ്സിന് അത് ഇരട്ട തിരിച്ചടിയായി മാറും.

മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ പ്രതിരോധ നിര താരം പ്രബീർ ദാസും (Prabir Das) വേദനയോടെയാണ് കളിക്കളം വിട്ടത്. മുംബൈ സിറ്റി താരം റോസ്റ്റിൻ ഗ്രിഫിത്ത്സ് പ്രീബീർ ദാസിനെ കഴുത്തിന് പിടിക്കുന്നത് എല്ലാവരും കണ്ടതാണ്. മുംബൈ സിറ്റി കളിക്കാർ തൻെറ അമ്മയെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നും പ്രബീർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വരും മത്സരത്തിൽ പ്രബീർ മികച്ച തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഎസ്എൽ പോയൻറ് പട്ടികയിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ രണ്ട് കളി ജയിക്കുകയും ഒരു കളി തോൽക്കുകയും ചെയ്ത ടീമിന് ആറ് പോയൻറാണുള്ളത്. ഒക്ടോബർ 21ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ലീഗിൽ ബ്ലാസ്റ്റേഴ്സിൻെറ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version