തിരുവനന്തപുരം: പക്ഷിപ്പനി സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശം. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ സ്വീകരിക്കണം. ആരോഗ്യ വകുപ്പു നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം.
രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റു രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തും. ഈ പ്രദേശങ്ങളിലുള്ളവർ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറെ അറിയിക്കണം. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ മന്ത്രി നിർദേശിച്ചു.
എന്താണ് പക്ഷിപ്പനി
പക്ഷികളിൽ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ. ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളിൽ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുള്ളത്. മനുഷ്യരിലേക്ക് സാധാരണ ഗതിയിൽ പകരാറില്ല. എന്നാൽ ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്കു പകരാം. ആ വൈറസ് ബാധ ഗുരുതരമായ രോഗകാരണമാകാം.