റിയാദ്: സൗദിയിലെ സിനിമ മേഖലയിൽ വലിയ വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായതെന്ന് റിപ്പോർട്ട്. പ്രതിവർഷം 900 മില്യൻ റിയാലിലധികം വരുമാനം സിനിമാ മേഖലയിൽ നിന്നും ലഭിച്ചു എന്നാണ് റിപ്പോർട്ട്. സൗദി ഫിലിം അതോറിറ്റി സംഘടിപ്പിച്ച വെർച്വൽ മീറ്റിങിലാണ് ഇതുമായി ബന്ധപ്പെട്ട കണക്ക് അധികൃതർ പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വലിയ വളർച്ചയാണ് സൗദിയിലെ സിനിമ മേഖല കെെവരിച്ചിരിക്കുന്നത്.
ഒരിടവേളക്ക് ശേഷം രാജ്യത്ത് സിനിമാ തിയേറ്ററുകൾ വീണ്ടും തുറന്നത് മുതലാണ് വളർച്ച ശക്തമായത്. ‘ബോക്സ് ഓഫിസിലെ സൗദി ചിത്രങ്ങൾ’എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസം പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി നരവധി പേർ എത്തിയിരുന്നു. രാജ്യത്തെ സിനിമാ രംഗത്തെ പ്രമുഖരും, വിദഗ്ധരും സിനിമാ പ്രേമികളും എല്ലാം പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു. കഴിഞ്ഞ വർഷം മാത്രം വിറ്റു പോയത് 1. 7 കോടി ടിക്കറ്റുകളാണ്. 69 തിയേറ്ററുകളിലായി 627 സ്‌ക്രീനുകളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.
ലോകത്തെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സിനിമ മേഖലകളിൽ ഒന്നായി സൗദി മാറിയിട്ടുണ്ട്. കണക്കുകളിൽ നിന്നും ഇതാണ് വ്യക്തമാകുന്നതന്ന് അധികൃതർ വ്യക്തമാക്കി. ചലച്ചിത്ര നിർമാണത്തിനായി സർക്കാർ സ്വകാര്യമേഖലകളുടെ സഹകരണത്തോടെ നിരവധി പദ്ധതികൾ കൊണ്ടു വരാൻ ധാരണയായിട്ടുണ്ട്. കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും കൂടുതൽ പ്രതികളെ കണ്ടെത്താനും വേണ്ടിയുള്ള പദ്ധതികൾ ആണ് സൗദി കൊണ്ടുവരുന്നത്. ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്.