മുംബൈ: ഡല്‍ഹിയില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പുകവലിച്ച യാത്രക്കാരന് മുംബൈയില്‍ അറസ്റ്റില്‍. വിമാനത്തിന്റെ ടോയ്ലറ്റില് ബീഡി വലിച്ച 42കാരനാണ് പിടിയിലായത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഡല്‍ഹി-മുംബൈ-റിയാദ് വിമാനത്തിലാണ് സംഭവം.
റിയാദില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അംറുദ്ദീന് എന്ന യാത്രക്കാരന് ഡല്‍ഹിയില്‍ നിന്നാണ് വിമാനത്തില്‍ കയറിയത്. ക്യാബിനുള്ളില്‍ രൂക്ഷമായ ഗന്ധം നിറഞ്ഞതിന് പിന്നാലെയാണ് വിമാന ജീവനക്കാര്‍ പരിശോധന നടത്തിയത്. യാത്രക്കാരന് ടോയ്ലറ്റില് വച്ച് ബീഡി വലിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചു,
ഭാഗികമായി കത്തിയ ബീഡിയും ലൈറ്ററും ബീഡ് പാക്കറ്റും ശുചിമുറിയില്‍ നിന്ന് കണ്ടെത്തി. ന്യൂഡല്‍ഹിയില്‍ നിന്ന് വിമാനം മുംബൈയില്‍ പറന്നിറങ്ങിയതിന് പിന്നാലെ ജീവനക്കാര്‍ യാത്രക്കാരനെ പോലീസിന് കൈമാറുകയായിരുന്നു. മുംബൈ വിമാനത്താവളത്തില്‍ വച്ച് വൈകീട്ട് 4.30നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് മുംബൈ സഹാര്‍ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ അറിയിച്ചു.
പാന്റ്സിന്റെ പോക്കറ്റിലാണ് ബീഡിയും ലൈറ്ററും സൂക്ഷിച്ചിരുന്നത്. പരിശോധനയില്‍ പിടിക്കപ്പെടാതെ ഇവ വിമാനത്തിനുള്ളില്‍ എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കുന്നുണ്ട്. വിമാനയാത്രാ നിയമം (എയര്‍ക്രാഫ്റ്റ് ആക്ട്) സെക്ഷന്‍ 25 പ്രകാരവും മറ്റുള്ളവരുടെ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്നത് തടയുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 336 വകുപ്പുകള്‍ പ്രകാരവുമാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.