കീവ്: യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അധിനിവേശം ആരംഭിക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ കരുതിയത് യുക്രെയ്ൻ ദുരബലമാണെന്നാണ്. ആ രാജ്യം നശിച്ചെന്നും അദ്ദേഹം കരുതി. എന്നാൽ പുടിന് പിഴച്ചു. ഒരു വർഷത്തിന് ശേഷവും രാജ്യത്തെ ജനാധിപത്യവും പരമാധികാരവും ഉയർന്നു നിൽക്കുന്നുവെന്നും ബൈഡൻ പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തിയെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ഒരു വർഷം തികയുന്ന വേളയിലാണ് ബൈഡന്റെ സന്ദർശനം. റഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ബൈഡൻ യുക്രെയ്ൻ സന്ദർശിക്കുന്നത്.
യുക്രെയ്നെ റഷ്യൻ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ ആയുധങ്ങൾ കൈമാറും. ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ വ്യോമ നിരീക്ഷണ റഡാറുകളടക്കമുളളവ നൽകും. യുക്രെയ്നിന്റെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ബൈഡന്റെ സന്ദർശനം എല്ലാ യുക്രെയ്ൻ ജനതക്കുമുളള പിന്തുണയുടെ അടയാളമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി പറഞ്ഞു.