Sports

എക്കാലത്തെയും മികച്ച ഐപിഎല്‍ ടീം; ധോണി നായകന്‍, പക്ഷേ ഹിറ്റ്മാന്‍ ഇല്ല

Published

on

ന്യൂഡല്‍ഹി: ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനായി എംഎസ് ധോണിയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം സീസണിന് മുന്നോടിയായാണ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമിനെ തിരഞ്ഞെടുത്തത്. മുന്‍ താരങ്ങളായ വസീം അക്രം, മാത്യു ഹെയ്ഡന്‍, ടോം മൂഡി, ഡെയ്ല്‍ സ്‌റ്റെയ്ന്‍ എന്നിവരും എഴുപതോളം മാധ്യമപ്രവര്‍ത്തകരും അടങ്ങിയ പാനലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. കഴിഞ്ഞ 16 സീസണുകളില്‍ പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം.

തിരഞ്ഞെടുക്കപ്പെട്ട 15 അംഗ സ്‌ക്വാഡില്‍ എട്ട് ഇന്ത്യന്‍ താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ ധോണിക്ക് പുറമെ വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് സ്‌ക്വാഡില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍. അതേസമയം ഇന്ത്യന്‍ നായകനും മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മയ്ക്ക് സ്‌ക്വാഡില്‍ ഇടംപിടിക്കാനായില്ല. ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകനും മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റനുമായ സ്റ്റീഫന്‍ ഫ്ളെമിങിനെയാണ് ഇലവനെ പരിശീലിപ്പിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ടത്.

രോഹിത്തിനെ കൂടാതെ പല വമ്പന്‍ താരങ്ങളും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടില്ല. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓഫ് സ്പിന്നറും മുംബൈയുടെ വിക്കറ്റ് വേട്ടക്കാരനുമായിരുന്ന ഹര്‍ഭജന്‍ സിംഗിന് ഇലവന്റെ ഭാഗമാവാന്‍ സാധിച്ചിട്ടില്ല.

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോഹ്‌ലിയും റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തന്നെ മുന്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ലുമാണ് ഇലവന്റെ ഓപ്പണര്‍മാര്‍. സുരേഷ് റെയ്ന, എബി ഡി വില്ലിയേഴ്‌സ്, സൂര്യകുമാര്‍ യാദവ്, എംഎസ് ധോണി എന്നിവരാണ് മധ്യനിര ബാറ്റര്‍മാര്‍.

ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്. റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ സ്പിന്നര്‍മാരായും ലസിത് മലിംഗ, ജസ്പ്രീത് ബുമ്ര എന്നിവര്‍ പേസര്‍മാരായും ടീമില്‍ ഇടംപിടിച്ചു.

മികച്ച ഐപിഎല്‍ ടീം: എംഎസ് ധോണി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കീറോണ്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, യുസ്‌വേന്ദ്ര ചാഹല്‍, ലസിത് മലിംഗ, ജസ്പ്രീത് ബുംറ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version