ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള അഞ്ച് ഫുട്‌ബോള്‍ ക്ലബ്ബുകളെ തിരഞ്ഞെടുത്ത് ഫോര്‍ബ്‌സ് മാഗസിന്‍. റയല്‍ മാഡ്രിഡാണ് ഏറ്റവും മൂല്യമേറിയ ക്ലബ്ബായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 5.49 ബില്ല്യണ്‍ യൂറോയാണ് സ്പാനിഷ് ക്ലബ്ബായ റയലിന്റെ ആസ്തി.
വിലപിടിപ്പുള്ള മികച്ച യുവതാരനിരയും സ്ഥിരതയാര്‍ന്ന പ്രകടനവുമാണ് റയല്‍ മാഡ്രിഡിന് കരുത്ത് പകരുന്നത്. എല്ലാ മത്സരങ്ങളിലും തോല്‍വിയറിയാതെയാണ് റയലിന്റെ കുതിപ്പ്. 18 മത്സരങ്ങളില്‍ നിന്ന് 15 വിജയവും മൂന്ന് സമനിലയുമാണ് ആഞ്ചലോട്ടിയുടെ ശിഷ്യന്മാര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ അത്‌ലറ്റികോ മാഡ്രിഡിനോടേറ്റ 3-1ന്റെ പരാജയമാണ് റയല്‍ അവസാനമായി വഴങ്ങിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റാണ് വിലയേറിയ ക്ലബ്ബുകളില്‍ രണ്ടാമതുള്ളത്. 5.43 ബില്ല്യണ്‍ യൂറോയാണ് ക്ലബ്ബിന്റെ ആസ്തി. 4.98 ബില്ല്യണ്‍ യൂറോ വിലപിടിപ്പുള്ള സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയാണ് മൂന്നാമത്. 4.79 ബില്ല്യണ്‍ യൂറോ ആസ്തിയുള്ള ക്ലബ്ബായ ലിവര്‍പൂള്‍ നാലാമതും 4.51 ബില്യണ്‍ യൂറോ മൂല്യമുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമാാണ് അഞ്ചാമത്. നിലവിലെ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെയും ചാമ്പ്യന്മാരാണ് മാഞ്ചസ്റ്റര്‍ സിറ്റി.