സിൽഹെറ്റ്: ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ട്വന്റി 20 പരമ്പര ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. എന്നാൽ പരമ്പര വിജയിക്കുള്ള ട്രോഫിയുടെ പ്രകാശനമാണ് ആദ്യ മത്സരത്തിന് മുമ്പെ ശ്രദ്ധ നേടുന്നത്. സിംഹളരും കടുവകളും തമ്മിലുള്ള പരമ്പരയുടെ ട്രോഫി വനത്തിനുള്ളിലാണ് പ്രകാശനം ചെയ്തിരിക്കുന്നത്.
ശ്രീലങ്കൻ നായകൻ വനീന്ദു ഹസരങ്ക, ബംഗ്ലാദേശ് നായകൻ നജ്മുൾ ഹൊസൈൻ ഷാന്റോ എന്നിവർ ട്രോഫിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബംഗ്ലാദേശിലെ സിൽഹെറ്റിലാണ് മത്സരങ്ങൾ നടക്കുന്നത്. തേയിലതോട്ടത്തിന് പ്രസിദ്ധമായ സ്ഥലമാണിത്. ഇക്കാരണത്താലണ് വനത്തിനുള്ളിൽ ട്രോഫി പ്രകാശിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുമ്പായുള്ള പ്രധാന തയ്യാറെടുപ്പാണ് പരമ്പരയിൽ ലക്ഷ്യമിടുന്നതെന്ന് ബംഗ്ലാദേശ് നായകൻ ഹൊസൈൻ ഷാൻ്റോ പറഞ്ഞു. ലോകകപ്പ് തയ്യാറെടുപ്പാണ് ശ്രീലങ്കയും ലക്ഷ്യമിടുന്നതെന്ന് പരിശീലകൻ ക്രിസ് സിൽവർവുഡ് പ്രതികരിച്ചു.