Bahrain

ലിബിയക്ക് സഹായവുമായി ബഹ്റൈന്‍; അവശ്യ വസ്തുക്കളുമായുളള ആദ്യ വിമാനമെത്തി

Published

on

മനാമ: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ലിബിയക്ക് സഹായവുമായി ബഹ്റൈന്‍ ഭരണകൂടം. അവശ്യ വസ്തുക്കളുമായുളള ബഹ്‌റൈന്റെ ആദ്യ വിമാനം ലിബിയയില്‍ എത്തി. റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സഹായങ്ങള്‍ കൈമാറിയത്.

ബഹ്റൈന്‍ ഭരണാധികാരിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രളയക്കെടുതി മൂലം ദുരിതമനുഭിക്കുന്ന ലിബിയക്ക് സഹായം കൈമാറിയത്. വസ്ത്രങ്ങള്‍, ടെന്റുകള്‍, ആഹാര സാധനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കളാണ് ലിബിയയില്‍ എത്തിച്ചത്. ബഹ്‌റൈന്‍ രാജാവിന്റെ ഹ്യൂമാനിറ്റേറിയന്‍ വര്‍ക്ക് ആന്‍ഡ് യുവജനകാര്യ പ്രതിനിധി ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതത്വത്തിലാണ് സഹായം അയച്ചത്.

പ്രതിസന്ധി ഘട്ടത്തില്‍ ലിബിയന്‍ ജനതയെ സഹായിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷെയ്ഖ് നാസര്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി സഹായങ്ങള്‍ ലഭ്യമാക്കാന്‍ ബഹ്റൈന്‍ രാജാവ് കാണിക്കുന്ന താല്‍പര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിരന്തരമായ പിന്തുണയും ഈ സംരംഭത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ലിബിയക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളിലാണ് ബഹ്‌റൈന്‍ ഭരണകൂടം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version