മനാമ: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കണമെന്ന നിയമത്തിന് ബഹ്റൈന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. അമ്പതോ അതിലധി
തൊഴിലധിഷ്ഠിത പരിശീലനവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിനാണ് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. യൂണിവേഴ്‌സിറ്റി ബിരുദധാരികള്‍ക്ക് തൊഴിലുടമകള്‍ അവരുടെ സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്ന് മാസം പരിശീലനത്തിന് അവസരം നല്‍കുന്നത് നിയമം മൂലം നിര്‍ബന്ധമാക്കുകയാണ് ചെയ്തത്.
ഇജ്ലാല്‍ ഈസ ബുബ്ഷൈത്ത് അവതരിപ്പിച്ച നിയമം, ഡോ. ഹാനി അലി അല്‍ സാത്തി, ഡോ. ജമീല മുഹമ്മദ് റെദ അല്‍ സല്‍മാന്‍, ഡോ. മുഹമ്മദ് അലി ഹസ്സന്‍, സാദിഖ് ഈദ് റഹ്‌മ എന്നിവരാണ് ഇതുസംബന്ധിച്ച ബില്ല് കൊണ്ടുവന്നത്. ഓരോ അമ്പത് തൊഴിലാളികള്‍ക്കും ഒരു ട്രെയിനി എന്ന അനുപാതത്തില്‍ തൊഴിലുടമകള്‍ ബിരുദധാരികള്‍ക്ക് പരിശീലനത്തിന് അവസരം നല്‍കണം.
പൗരന്മാര്‍ക്കിടയില്‍ തുല്യ അവസരങ്ങള്‍ എന്ന തത്വം കൈവരിക്കുകയാണ് നിര്‍ദ്ദിഷ്ട ബില്‍ ലക്ഷ്യമിടുന്നതെന്ന് നിയമം അവതരിപ്പിച്ച കൗണ്‍സില്‍ അംഗം ഹല റംസി ഫയാസ് ചൂണ്ടിക്കാട്ടി. പുതുതായി പഠിച്ചിറങ്ങുന്ന യൂണിവേഴ്സിറ്റി ബിരുദധാരികളായ ബഹ്‌റൈനികള്‍ക്കാണ് സ്വകാര്യ കമ്പനികള്‍ പരിശീലനം നല്‍കേണ്ടത്. പഠനം പൂര്‍ത്തിയാക്കുന്ന സമയത്ത് തന്നെ പ്രായോഗിക പരിശീലനം ലഭിക്കുന്നതിലൂടെ യുവാക്കള്‍ക്ക് പ്രൊഫഷണല്‍ ജീവിതം നേരത്തെ തന്നെ ആരംഭിക്കാന്‍ വഴിയൊരുങ്ങുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നീതിയെന്ന ആശയത്തിലൂന്നിയാണ് ബില്ല് തയ്യാറാക്കിയത്. മൂലധന ഉടമകള്‍ക്ക് നിര്‍വഹിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം കൂടിയാണിതെന്നും ഹല റംസി വിശദീകരിച്ചു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്ന വിദേശ സര്‍വകലാശാലാ ബിരുദധാരികളില്‍ അവബോധം വര്‍ധിപ്പിക്കുക എന്നതും നിര്‍ദ്ദിഷ്ട നിയമത്തിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, വിസിറ്റ് വിസ തൊഴില്‍ വിസയാക്കി മാറ്റുന്നത് നിരോധിക്കണമെന്ന നിര്‍ദ്ദിഷ്ട നിയമം ഇന്നലെ ബഹ്റൈന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചചെയ്തു. സന്ദര്‍ശന വിസയിലെത്തി വര്‍ക്ക് പെര്‍മിറ്റ് നേടുന്നത് നിയമംമൂലം നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ സംസരിച്ച അഞ്ച് എംപിമാര്‍ ആവശ്യപ്പെട്ടു. 1965ലെ ഫോറിനേഴ്സ് (മൈഗ്രേഷന്‍ ആന്‍ഡ് റെസിഡന്‍സി) നിയമം ഭേദഗതി ചെയ്യാനുള്ള ശുപാര്‍ശക്കനുകൂലമായി എംപിമാര്‍ യോജിച്ച നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ ഈ നീക്കം ടൂറിസം മേഖലയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ടൂറിസം മന്ത്രാലയം ബില്ലിനെ എതിര്‍ക്കുകയാണ്. നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാന്‍ നിരോധനത്തിന് പകരം ഭരണപരമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി.