മനാമ: സന്ദര്‍ശന വിസ തൊഴില്‍ വിസയാക്കി മാറ്റുന്നത് നിര്‍ത്തുന്നത് ബഹ്റൈന്‍ പരിഗണിക്കുന്നു. ഇതു സംബന്ധിച്ച നിര്‍ദ്ദിഷ്ട നിയമം ബഹ്റൈന്‍ പാര്‍ലമെന്റ് ഇന്നത്തെ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.
ബഹ്റൈന്‍ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, ദേശീയ തൊഴില്‍ ശക്തിയെ ശക്തിപ്പെടുത്തുക, ബഹ്റൈന്‍ പൗരന്മാരുടെ തൊഴിലിന് മുന്‍ഗണന നല്‍കുക എന്നീ ലക്ഷ്യങ്ങളാണ് ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, നിയമനിര്‍മാണത്തിലൂടെ വിസ നിയന്ത്രിക്കുന്നതിനെ ടൂറിസം മന്ത്രാലയം അനുകൂലിക്കുന്നില്ല. നിയമത്തിലൂടെ തടയുന്നതിന് പകരം ഭരണപരമായ നയങ്ങളിലൂടെ ഈ ലക്ഷ്യം നിറവേറ്റുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിക്കുന്നു. വിവിധ രാജ്യങ്ങള്‍ ഭരണപരമായ നടപടികളിലൂടെ വിസ നിയന്ത്രണം വിജയകരമായി നടപ്പാക്കിയതും ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റിന് നല്‍കിയ മറുപടിയില്‍, ഭരണപരമായ തീരുമാനങ്ങള്‍ വിസ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉചിതമായ വഴക്കം നല്‍കുമെന്ന് മന്ത്രാലയം വിശദീകരിച്ചു. രാജ്യത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനും അതിനനുസരിച്ച് നിയന്ത്രണങ്ങള്‍ ക്രമീകരിക്കാനും ഇത് എക്‌സിക്യൂട്ടീവ് അതോറിറ്റിയെ അനുവദിക്കുന്നു.
വിവിധ സാമ്പത്തിക മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ പദ്ധതികള്‍ കണക്കിലെടുത്ത് വിസ നിയന്ത്രണ നിര്‍ദേശത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്നും ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, ടൂറിസ്റ്റ് വിസകളും വര്‍ക്ക് പെര്‍മിറ്റുകളും ഉള്‍പ്പെടെ എല്ലാ വിസകളിലും റെസിഡന്‍സ് പെര്‍മിറ്റുകളിലും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷണല്‍, പാസ്പോര്‍ട്ട്, റെസിഡന്‍സ് അഫയേഴ്‌സ് (എന്‍പിആര്‍എ) നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സന്ദര്‍ശക വിസകള്‍ തൊഴില്‍ പെര്‍മിറ്റുകളാക്കി മാറ്റരുതെന്ന് സ്‌പോണ്‍സര്‍മാരോട് ആവശ്യപ്പെടുന്നതുള്‍പ്പെടെ, വിസകള്‍ നേടുന്നതിനും പരിവര്‍ത്തനം ചെയ്യുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിവരുന്നതായി മന്ത്രാലയം വ്യക്തമാക്കി.
സന്ദര്‍ശന വിസകള്‍ക്കായുള്ള അഭ്യര്‍ത്ഥനകള്‍ തൊഴില്‍ വിസകളാക്കി മാറ്റുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു. എന്‍പിആര്‍എ പ്രാഥമികമായി സുരക്ഷാ വശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസയും റെസിഡന്‍സ് പെര്‍മിറ്റും അനുവദിക്കുന്നത് തൊഴിലും അനുബന്ധ ആവശ്യകതകളുടെ പൂര്‍ത്തീകരണവും അടിസ്ഥാനമാക്കിയാണെന്നും മന്ത്രാലയം വിശദീകരിച്ചു.
അതേസമയം, നിയന്ത്രണങ്ങളില്ലാതെ സന്ദര്‍ശക വിസ വര്‍ക്ക് പെര്‍മിറ്റാക്കി മാറ്റാന്‍ അനുവദിക്കുന്നത് രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. ബഹ്റൈനികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ദേശീയ തൊഴില്‍ ശക്തി പദ്ധതിയെ ദുര്‍ബലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി.