Gulf

മടക്കയാത്രയ്ക്ക് തടസ്സമായി മോശം കാലാവസ്ഥ, സുൽത്താൻ ബഹിരാകാശത്ത് തുടരും; പൂർത്തിയാക്കിയത് 200 പരീക്ഷണങ്ങൾ

Published

on

ദുബായ്: യുഎഇയുടെ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നിയാദിയുടെ മടക്കയാത്ര വൈകിയേക്കുമെന്ന് വിവരം. പേടകം തിരിച്ചിറക്കുന്ന പ്രദേശത്ത് കാലാവസ്ഥ മോശമാണെന്നും അതിനാൽ അദ്ദേഹം തത്കാലം ബഹിരാകാശനിലയത്തിൽതന്നെ തുടരുമെന്നുമാണ് നാസ അറിയിച്ചത്. ശനിയാഴ്ച വൈകിട്ട് യുഎഇ സമയം വൈകിട്ട് 5.05നായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സുൽത്താൻ അൽ നിയാദി മടങ്ങുമെന്ന് അറിയിച്ചിരുന്നത്. തുടർന്ന് ഫ്ലോറിഡയ്ക്ക് സമീപം തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ പേടകം സുരക്ഷിതമായി കടലിൽ ഇറങ്ങുമെന്നും പ്രതീക്ഷിച്ചിരുന്നു.

സ്പേസ്എക്സിൻ്റെ ഡ്രാഗൺ ക്യാപ്സ്യൂളിലാണ് സുൽത്താൻ അൽ നിയാദി മടങ്ങിയെത്തുക. ഏറ്റവുമധികം ബഹിരാകാശസഞ്ചാരം നടത്തുന്ന യുഎഇ സ്വദേശി എന്ന റെക്കോഡും അൽ നിയാദിക്ക് സ്വന്തമാണ്. നാസയിൽ നിന്നുള്ള സഞ്ചാരികളായ സ്റ്റീഫൻ ബോവനും വുഡി ഹോബർഗിനും റഷ്യൻ സഞ്ചാരി അൻഡ്രേ ഫെഡീവിനും ഒപ്പമാണ് സുൽത്താൻ തിരിച്ചെത്തുക. മടക്കയാത്രയുടെ ലൈവ് സംപ്രേഷണവുമുണ്ടാകും. സൗദിയിൽനിന്നുള്ള ബഹിരാകാശസഞ്ചാരികളായ അലി അൽ കുർണി, റയാന ബർണാവി തുടങ്ങിയവരോടൊപ്പമായിരുന്നു ബഹിരാകാശത്ത് സുൽത്താൻ അൽ നിയാദിയുടെ പ്രവർത്തനം. ബഹിരാകാശത്തുനിന്നുള്ള ഭൂമിയുടെ ദൃശ്യം താൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നായിരുന്നു അൽ നിയാദിയുടെ വാക്കുകൾ.

യുഎഇയിൽ നിന്ന് ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് സുൽത്താൻ അൽ നിയാദി. കൂടാതെ ദീർഘകാലം ബഹിരാകാശത്ത് താമസിച്ച് ഗവേഷണം നടത്താനായി യുഎസിൽ നിന്നു പുറപ്പെടുന്ന ആദ്യ യുഎഇ പൗരൻ എന്ന റെക്കോഡും ഇദ്ദേഹത്തിന് സ്വന്തമാണ്. ബഹിരാകാശത്ത് താമസിച്ച കാലയളവിൽ അദ്ദേഹം ഇരുനൂറോളം പരീക്ഷണങ്ങളാണ് നടത്തിയത്.

ബഹിരാകാശത്തുവെച്ചുള്ള മനുഷ്യകോശത്തിൻ്റെ വളർച്ചയെക്കുറിച്ചും ഹൃദയം, തലച്ചോറ്, ഉറക്കം തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണവും അദ്ദേഹം നടത്തി. കൂടാതെ ദീർഘകാലം ബഹിരാകാശത്ത് താമസിക്കുമ്പോൾ മനുഷ്യരെ അത് എങ്ങനെ ബാധിക്കുന്നുവെന്നും അദ്ദേഹം പഠിച്ചു. നീണ്ടകാലം ഗുരുത്വബലം കുറഞ്ഞ സ്ഥലങ്ങളിൽ താമസിക്കുമ്പോൾ മനുഷ്യരുടെ ജീവിതനിലവാരം വർധിപ്പിക്കാനായി കൂടുതൽ മാർഗങ്ങൾ സ്വീകരിക്കാൻ ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version