റിയാദ്: കഴിഞ്ഞ വർഷത്തെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം അർജന്റീനൻ നായകൻ ലയണൽ മെസ്സി സ്വന്തമാക്കി. തികച്ചും അപ്രതീക്ഷിതമായാണ് മെസ്സി പുരസ്കാര ജേതാവായത്. എർലിംഗ് ഹാലണ്ടിനെയും കിലിയൻ എംബാപ്പയെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. എന്നാൽ മെസ്സിയുടെ നേട്ടത്തിന് ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോസ്റ്റ് ചർച്ചയാകുകയാണ്.
കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്, അതിൽ ശ്രദ്ധിക്കുക എന്ന് മാത്രമാണ് റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. എന്നാൽ അൽ നസറിന്റെ സമൂഹമാധ്യമങ്ങളിലും സമാന വാക്കുകൾ കുറിച്ചിട്ടുണ്ട്. അൽ നസറിന്റെ അടുത്ത മത്സരങ്ങൾക്കായുള്ള പരിശീലനം ആരംഭിച്ചുവെന്നാണ് പോസ്റ്റിൽ സൂചിപ്പിക്കുന്നത്. സൗദി പ്രോ ലീഗിൽ ജനുവരി 24നാണ് അൽ നസറിന്റെ അടുത്ത മത്സരം.
ഇതാദ്യമായാണ് ഒരു ഇന്റർ മയാമി താരം ഫിഫയുടെ മികച്ച താരമാകുന്നത്. നേരത്തെ ബലോൻ ദ് ഓർ നേട്ടവും ഇന്റർ മയാമി താരമായി ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു. ജനുവരി 20നാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. എല്‍ സാല്‍വദോർ ദേശീയ ടീമുമായാണ് മയാമിയുടെ മത്സരം.