ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ രണ്ടാമങ്കവും ജയിച്ച് ഹിറ്റ്മാനും സംഘവും. അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 273 റണ്‍സെന്ന വിജയലക്ഷ്യം 90 പന്തുകള്‍ ബാക്കിനില്‍ക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 84 പന്തില്‍ 131 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.
273 എന്ന ലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഒന്നാം വിക്കറ്റില്‍ 156 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18-ാം ഓവറിലെ നാലാം പന്തില്‍ ഇഷാന്‍ കിഷനെ ഇന്ത്യക്ക് നഷ്ടമായി. 47 റണ്‍സ് നേടിയ കിഷനെ റാഷിദ് ഖാന്‍ ഇബ്രാഹിം സദ്രാന്റെ കൈകളിലെത്തിച്ചു. ഇതിനിടെ രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കി. 30 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി തികച്ച ക്യാപ്റ്റന്‍ 63 പന്തിലാണ് മൂന്നക്കം തികച്ചത്. ഇതോടെ നിരവധി റെക്കോര്‍ഡുകളും ഹിറ്റ്മാനെ തേടിയെത്തിയിരുന്നു.
വണ്‍ ഡൗണായി ഇറങ്ങിയ വിരാട് കോഹ്‌ലിയെയും കൂട്ടുപിടിച്ച് രോഹിത് ആക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു. 25-ാം ഓവറിലെ നാലാം പന്തില്‍ രോഹിത് മടങ്ങി. 84 പന്തില്‍ 131 റണ്‍സ് നേടിയ താരത്തെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കുകയായിരുന്നു. അഞ്ച് സിക്‌സും 16 ബൗണ്ടറിയുമടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. പകരക്കാരനായി ക്രീസിലെത്തിയ ശ്രേയസ് അയ്യറിനെ സാക്ഷിയാക്കി വിരാട് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇരുവരും ചേര്‍ന്ന സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 56 പന്തില്‍ 55 റണ്‍സെടുത്ത കോഹ്‌ലിയും 23 പന്തില്‍ 25 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരും പുറത്താകാതെ നിന്നു.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് എടുത്തത്. അര്‍ധസെഞ്ച്വറി നേടിയ നായകന്‍ ഹഷ്മത്തുള്ള ഷാഹീദി, അസ്മത്തുള്ള ഒമര്‍സായി എന്നിവരാണ് അഫ്ഗാന്‍ ഇന്നിംഗ്‌സിന്റെ നെടുംതൂണുകള്‍. ഒരു ഘട്ടത്തില്‍ 300 കടക്കുമെന്ന് തോന്നിച്ച അഫ്ഗാനെ പക്ഷേ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. ന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര നാലും ഹര്‍ദ്ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.