Sports

ഓസ്ട്രേലിയ ലോക ചാമ്പ്യൻമാ‍ർ, ഇന്ത്യയെ ഹെഡ് ചെയ്ത് ട്രാവിസ്; രോഹിത്തിനും കൂട്ട‍ർക്കും കണ്ണീരോടെ മടക്കം

Published

on

ഏകദിന ലോകകപ്പിൻെറ ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിൽ ആധിപത്യവുമായി ഫൈനൽ വരെയെത്തിയ ടീം ഇന്ത്യക്ക് ഒടുവിൽ കലാശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയോട് തോൽവി. അഹമ്മദാബാദിൽ ഇന്ത്യക്കായി ജയ് വിളിച്ച ആരാധകരെ നിരാശപ്പെടുത്തി രോഹിത് ശർമയ്ക്കും കൂട്ടർക്കും തലകുനിച്ച് മടക്കം. മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ടീം ഒടുവിൽ ഫൈനലിൽ വീണിരിക്കുന്നു. ആറ് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തകർത്തത്.

ഓസീസ് ഇടങ്കയ്യൻ ഓപ്പണർ ട്രാവിസ് ഹെഡിൻെറ സെഞ്ചുറി ഇന്നിങ്സാണ് ഫൈനലിൽ ഇന്ത്യയുടെ തോൽവി ഉറപ്പാക്കിയത്. ലാബുഷെയ്ൻ അർധശതകവുമായി ഒപ്പം നിന്നു. പാറ്റ് കമ്മിൻസിൻെറ നേതൃത്വത്തിൽ ബോളിങ് നിരയും ഗംഭീര പ്രകടനം പുറത്തെടുത്തു. അതിഗംഭീരമായ ഫീൽഡിങ് പ്രകടനം കൂടിയായതോടെ കംഗാരുക്കൾക്ക് ഇത് അർഹിച്ച വിജയമായി.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ ഇന്ത്യ ഓസീസിനെ വിറപ്പിച്ചിരുന്നു. ഡേവിഡ് വാർണറെ ഏഴ് റൺസിൽ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. സ്റ്റീവ് സ്മിത്തിനെയും മിച്ചൽ മാർഷിനെയും ജസ്പ്രീത് ബുംറയും പുറത്താക്കി. സ്മിത്ത് പുറത്താവുമ്പോൾ ഓസ്ട്രേലിയ 7 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വെറും 47 റൺസാണ് നേടിയിരുന്നത്.

ഒരുഭാഗത്ത് വിക്കറ്റ് വീണപ്പോഴും മറുഭാഗത്ത് ട്രാവിസ് ഹെഡെന്ന ഓപ്പണർ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. മാർനസ് ലാബുഷെയ്ൻ കൂട്ടിനെത്തിയതോടെ മനോഹരമായ കൂട്ടുകെട്ടും പിറന്നു. ഒരുഭാഗത്ത് ഹെഡ് ആക്രമിച്ച് കളിച്ചപ്പോൾ മറുഭാഗത്ത് ലാബുഷെയ്ൻ വിക്കറ്റ് നഷ്ടപ്പെടുത്താതെ നങ്കൂരമിട്ട് കളിച്ചു. 120 പന്തിൽ നിന്ന് 137 റൺസ് നേടിയാണ് ഹെഡ് ടീമിൻെറ വിജയശിൽപി ആയത്. ലാബുഷെയ്ൻ 58 റൺസുമായി പുറത്താവാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 10 വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണ് നേടിയത്. വിരാട് കോഹ്ലിയും കെഎൽ രാഹുലും ഇന്ത്യക്കായി അ‍ർധശതകങ്ങൾ നേടി. ക്യാപ്റ്റൻ രോഹിത് ശ‍ർമയുടെ 31 പന്തിൽ നിന്നുള്ള 47 റൺസ് പ്രകടനം ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ ഗിൽ പുറത്തായതിന് പിന്നാലെ അനാവശ്യ ഷോട്ടിന് കളിച്ചുള്ള രോഹിത്തിൻെറ പുറത്താവൽ ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറി.

കോഹ്ലിയും രാഹുലും ചേർന്നുള്ള കൂട്ടുകെട്ടിൽ വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ച് നിൽക്കാൻ മാത്രമാണ് സാധിച്ചത്. കോഹ്ലി 63 പന്തിൽ നിന്ന് 54 റൺസ് നേടിയപ്പോൾ രാഹുൽ 107 പന്തുകൾ നേരിട്ടാണ് 66 റൺസെടുത്തത്. ടീമിലെ എക്സ് ഫാക്ടറാവും എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സൂര്യകുമാ‍ർ യാദവ് നേടിയത് 28 പന്തിൽ നിന്ന് 18 റൺസ് മാത്രമാണ്.

കൃത്യമായ പദ്ധതികളോടെയാണ് ഓസീസ് ബോള‍ർമാർ ഇന്ത്യക്കെതിരെ പന്തെറിഞ്ഞത്. സ്റ്റാർക്കും ഹേസൽവുഡും കമ്മിൻസും കൃത്യതയോടെ പന്തെറിഞ്ഞു. ഓസീസ് ഫീൽഡ‍ർമാർ ഗംഭീരമായി ഫീൽഡ് ചെയ്യുകയും ചെയ്തു. രോഹിത്തിനെ പുറത്താക്കാൻ ട്രാവിസ് ഹെഡ് എടുത്ത ക്യാച്ച് തന്നെ അതിൻെറ ഉദാഹരണമാണ്.

ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ഫൈനലിൽ ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിക്കുന്നത്. നേരത്തെ 2003ൽ റിക്കി പോണ്ടിങ്ങിൻെറ നേതൃത്വത്തിലുള്ള ടീം സൌരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ തോൽപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version